ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇഡിയുടെ ചോദ്യം ചെയ്യലിനായി ഈ മാസം 26ന് ഹാജരാകണമെന്ന് നിർദേശം. 25ന് ഹാജരാകണമെന്നായിരുന്നു ഇഡി നേരത്തെ അറിയിച്ചിരുന്നത്.
കേസിൽ ഇതിന് മുമ്പ് സോണിയയെ രണ്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സോണിയയുടെ അപേക്ഷ പ്രകാരം ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറിൽ ഒതുക്കുകയായിരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കിയത്. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ചോദ്യം ചെയ്യൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് സോണിയ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തുന്നത്.
നേരത്തേ, ജൂൺ 8ന് ഹാജരാകാനാണ് സോണിയയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കൊറോണ രോഗബാധിതയായതിനാൽ ഹാജരാകാൻ സാധിക്കില്ലെന്ന് സോണിയ അറിയിച്ചിരുന്നു. ഇതിനിടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ ഇഡി വിശദമായി ചോദ്യം ചെയ്തു. കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയേയും കോൺഗ്രസ് ട്രഷറർ പവൻ ബൻസാലിനെയും ചോദ്യം ചെയ്യലിന് ഇഡി വിധേയരാക്കി.
നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, ഉടമസ്ഥരായ യംഗ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ഓഹരി ഇടപാടുകളും സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിച്ച് വരികയാണ്.
Comments