പത്തനംതിട്ട: ഭക്ഷണം തൊണ്ടയിൽ കുരുങ്ങി 48-കാരൻ മരിച്ചു. പത്തനംതിട്ട തിരുവല്ലയിൽ മുണ്ടിയപ്പള്ളിയിലാണ് സംഭവം. കുന്നന്താനം മുണ്ടിയപ്പള്ളി വറവുങ്കൽ വീട്ടിൽ റെജി സെബാസ്റ്റ്യനാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.
പ്രഭാത ഭക്ഷണം കഴിക്കവേ ആഹാരം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഴഞ്ഞു വീണ റെജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോടും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് 28-കാരനായ യുവാവാണ് മരിച്ചത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയും ഒപ്പം തന്നെ അപസ്മാരം ഉണ്ടാകുകയും ചെയ്തതോടെ മരണം സംഭവിക്കുകയായിരുന്നു.
അശ്രദ്ധ കൊണ്ടോ അതിവേഗം കഴിക്കുന്നത് മൂലമോ ഇത്തരത്തിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങാം. കുഞ്ഞുങ്ങൾ മുതൽ ഏത് പ്രായത്തിലുള്ളവർക്കും ഇത്തരത്തിൽ സംഭവിക്കാം. കുട്ടികൾക്കാണ് ഇത്തരത്തിൽ അപകടം സംഭവിക്കുന്നതെങ്കിൽ അവരെ കമിഴ്‌ത്തി കിടത്തി പുറത്ത് സാവധാനം തട്ടികൊടുക്കുകയാണ് വേണ്ടത്. കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കണം.
മുതിർന്ന വ്യക്തികളാണെങ്കിൽ അവരെ കുനിച്ച് നിർത്തി പുറത്ത് ശക്തമായി തട്ടുകയാണ് വേണ്ടത്. ചുമയ്‌ക്കുന്നതും ഗുണം ചെയ്യും. പുറത്തുതട്ടുമ്പോഴുണ്ടാകുന്ന മർദ്ദത്തിൽ തൊണ്ടയിൽ കുടുങ്ങിയിരിക്കുന്ന ആഹാര പദാർത്ഥം പുറത്തേക്ക് വരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.















