ന്യൂഡൽഹി: ജയിലിനുള്ളിൽ നിരാഹാരം തുടർന്ന് ഭീകരൻ യാസിൻ മാലിക്. നിലവിൽ ട്യൂബിലൂടെ ദ്രാവക രൂപത്തിലുള്ള ആഹാരം നൽകിയാണ് യാസിൻ മാലിക്കിന്റെ ജീവൻ നിലനിർത്തുന്നത്. നിരാഹാരം ആരംഭിച്ചതിന് പിന്നാലെ ജയിലിലെ അതി സുരക്ഷാ സെല്ലിലാണ് യാസിൻ മാലിക്ക് ഉള്ളത്.
മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകൾ റുബയ്യയെ തട്ടിക്കൊണ്ടുപോയ കേസിലെ വിചാരണയ്ക്കായി കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് യാസിൻ നിരാഹാരം ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ മുതലായിരുന്നു ഇയാൾ നിരാഹാരം തുടങ്ങിയത്. ഞായറാഴ്ചയോടെ ഇയാൾക്ക് ക്ഷീണം അനുഭവപ്പെട്ടു. ഇതോടെയാണ് ട്യൂബിലൂടെ ദ്രാവക രൂപത്തിലുള്ള ഭക്ഷണം നൽകാൻ ആരംഭിച്ചത്. ഇയാളുടെ ആരോഗ്യനില ഡോക്ടർമാർ അടിക്കടി വിലയിരുത്തി വരികയാണ്.
കഴിഞ്ഞ തവണ വീഡിയോ കോൺഫറൻസിംഗിലൂടെയുള്ള വിചാരണയ്ക്കിടെ സിബിഐ കോടതി ജഡ്ജിയോട് കേസിൽ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് യാസിൻ മാലിക്ക് അപേക്ഷ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ അപേക്ഷയിൽ കേന്ദ്രസർക്കാർ മറുപടി നൽകിയില്ല. ഇതോടെയാണ് നിരാഹാരം ആരംഭിച്ചത്. തീഹാർ ജയിലിൽ നിന്നും ജമ്മുവിലേക്ക് മാറ്റണമെന്ന ഇയാളുടെ ആവശ്യവും കേന്ദ്രസർക്കാർ നിരാകരിച്ചിട്ടുണ്ട്.
Comments