മുംബൈ: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം, പൂനെ- മുംബൈ റൂട്ടിൽ പ്രഗതി എക്സ്പ്രസ് ട്രെയിൻ സർവീസ് പുനരാരംഭിച്ചു. 15 കോച്ചുകളുള്ള ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ സർവീസ് ആണ് പ്രഗതി എക്സ്പ്രസ്. പൂനെയിൽ നിന്നും മുംബൈ ഛത്രപതി ശിവജി ടെർമിനസിലേക്ക് യാത്ര ആരംഭിച്ച ഈ ട്രെയിൻ സർവീസിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിസ്റ്റാഡോം കോച്ചുകളാണ്.
പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം എന്നതാണ് ഈ വിസ്റ്റാഡോം കോച്ചുകളെ ആകർഷകമാക്കുന്നത്. കർജാത്- പൻവേൽ റൂട്ടിൽ സോംഗിർ മലകളും ഉൽഹാസ് നദിയും താഴ്വരയും ഖണ്ഡാല മേഖലയുടെയും ലോണാവാലയുടെയും സൗന്ദര്യവും ജലപാതങ്ങളും തുരങ്കങ്ങളും അടുത്ത് കണ്ട് യാത്ര ചെയ്യാൻ ഈ ട്രെയിനിൽ സംവിധാനം ഉണ്ട്. ഗ്ലാസ് മേൽക്കൂരയോട് കൂടിയതാണ് വിസ്റ്റാഡോം കോച്ച്. ഗ്ലാസ് ജനാലകളും എൽ ഇ ഡി ലൈറ്റുകളും കറങ്ങി തിരിയുന്ന ഇരിപ്പിടങ്ങളും വൈദ്യുതി നിയന്ത്രിത വാതിലുകളും ദിവ്യാംഗർക്കായി പ്രത്യേക സംവിധാനങ്ങളും കാഴ്ചകൾ കാണാൻ ഗാലറി സംവിധാനവും ഈ ട്രെയിനിൽ ഉണ്ട്.
പ്രഗതി എക്സ്പ്രസിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കോച്ചുകളുടെ എണ്ണം 20 ആക്കി ഉയർത്തണം എന്ന ആവശ്യം ശക്തമാണ്. കൊങ്കൺ മേഖലയിലൂടെ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് പേർക്ക് ഉപകാരപ്രദമായ സർവീസ് ആണ് ഇത്. ഗണേശോത്സവം, നവരാത്രി, ദീപാവലി ആഘോഷങ്ങൾ വരാനിരിക്കെ, യാത്രക്കാരുടെ എണ്ണം ഇനിയും വർദ്ധിക്കും എന്നാണ് റെയിൽവേ കണക്ക് കൂട്ടുന്നത്. ഈ സാഹചര്യത്തിൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കും എന്നാണ് സൂചന.
Comments