ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ അപമാനിച്ച സംഭവത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പാർലമെന്റിൽ മാപ്പ് പറഞ്ഞേ മതിയാകൂവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. ദ്രൗപദി മുർമുവിനെ രാഷ്‌ട്രപത്നി എന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി രണ്ട് തവണയാണ് സംബോധന ചെയ്തത്. ഇത് മനപ്പൂർവ്വമാണെന്നും, യാദൃശ്ചികമാണെന്ന് പറയാൻ കഴിയില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
മാപ്പ് പറയേണ്ടത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയാണ്. പാർലമെന്റിൽ തന്നെയാണ് അത് പറയേണ്ടത്. ഇക്കാര്യത്തിൽ മറ്റൊരു ഉപാധികൾക്കും അടിസ്ഥാനമില്ലെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
കോൺഗ്രസ് നേതാവിന്റെ നടപടി വനവാസി സമൂഹത്തോടുള്ള അവഹേളനമാണ്. രാജ്യത്തിന് ഇത് പൊറുക്കാൻ കഴിയില്ലെന്നും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
രാഷ്‌ട്രപതിയെ അധിർ രഞ്ജൻ ചൗധരി സംബോധന ചെയ്ത രീതി അവരുടെ മാനസികാവസ്ഥ വ്യക്തമാക്കുന്നതാണ്. രാഷ്‌ട്രപതിയെ അപമാനിച്ച ശേഷം, മാപ്പ് പറയേണ്ട ആവശ്യമേയില്ല എന്നായിരുന്നു ചൗധരിയുടെ ആദ്യ പ്രതികരണം. പിയൂഷ് ഗോയൽ പറഞ്ഞു.
എന്നാൽ, ദ്രൗപദി മുർമുവിനെ രാഷ്‌ട്രപത്നി എന്ന് വിശേഷിപ്പിച്ചത് അബദ്ധത്തിലായിരുന്നുവെന്നും, ബിജെപി അതിനെ അനാവശ്യമായി പർവ്വതീകരിക്കുകയാണ് എന്നുമായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ പ്രതികരണം. അധിർ രഞ്ജൻ ചൗധരി മാപ്പ് പറഞ്ഞതോടെ വിവാദം അവസാനിച്ചു എന്നാണ് സോണിയ ഗാന്ധി പറഞ്ഞത്.
അതേസമയം, അധിർ രഞ്ജൻ ചൗധരിയ്‌ക്കെതിരെ പാർലമെന്റിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ചൗധരിയുടെ വാക്കുകൾ ബോധപൂർവ്വമുള്ള അശ്ലീല പ്രയോഗമാണ് എന്ന് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, പ്രഹ്ലാദ് ജോഷി എന്നിവരും സോണിയ ഗാന്ധി മാപ്പ് പറയണം എന്ന ആവശ്യത്തിൽ ഉറച്ച് നിന്നു.
Comments