ത്രിച്ചി: ത്രിച്ചിയിൽ നടക്കുന്ന 47-ാമത് തമിഴ്നാട് സംസ്ഥാന റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി തല അജിത്ത്. നാല് സ്വർണവും രണ്ട് വെങ്കലവും ഉൾപ്പെടെ ആറ് മെഡലുകളാണ് താരം സ്വന്തമാക്കിയത്. സിഎഫ്പി മാസ്റ്റർ മെൻ ടീം, എസ്ടിഡി പി മാസ്റ്റർ മെൻ ടീം ഇവന്റ്, 50 മീറ്റർ എഫ്പി മാസ്റ്റർ മെൻ ടീം ഇവന്റ് എന്നിവയുൾപ്പെടെ നാല് ടീം ഇനങ്ങളിലാണ് അജിത്ത് സ്വർണം നേടിയത്.
ജൂലൈ 24 ന് ആരംഭിച്ച ചാമ്പ്യൻഷിപ്പ് ഞായറാഴ്ച വരെ നീണ്ടുനിൽക്കും. ത്രിച്ചി റൈഫിൾ ക്ലബ്ബിലാണ് മത്സരം നടക്കുന്നത്. അജിത്ത് ഷൂട്ടിംഗിൽ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്. കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലും താരം ആറ് സ്വർണം നേടിയിരുന്നു.
2019 ൽ നടന്ന ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ താരം രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. തമിഴ്നാടിന്റെ വിവിധ ജില്ലകളില്‍ നിന്നായി 850 ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ചാമ്പ്യൻഷിപ്പിലായിരുന്നു അജിത്ത് 6 മെഡലുകൾ സ്വന്തമാക്കിയത്. 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ തുടങ്ങിയ പിസ്റ്റൾ ഷൂട്ടിംഗ് വിഭാഗത്തിലായിരുന്നു താരത്തിന്റെ നേട്ടം.















