ന്യൂഡൽഹി: രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഓഗസ്റ്റ് 13-15 ദിവസങ്ങളിൽ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. അതിനാൽ രാജ്യത്തുടനീളം ദേശീയ പതാക വിതരണം ചെയ്യാൻ ഹർ ഘർ തിരംഗ ക്യാമ്പയിനിന്റെ ഭാഗമാകുകയാണ് പോസ്റ്റ് ഓഫീസുകളും.
ഇ-പോസറ്റ് മുഖേനയാണ് ദേശീയ പതാക വിൽക്കുന്നത്. ഇതിനായി പോസ്റ്റ് ഓഫീസിന്റെ പോർട്ടലായ www.epostoffice.gov.in എന്ന വെബ്സൈറ്റിൽ കയറണം. ഓഗസ്റ്റ് ഒന്ന് മുതൽ ഇ-പോസ്റ്റ് ഓഫീസ് മുഖേന പതാക വിൽപന ആരംഭിച്ചിട്ടുണ്ട്. പോർട്ടലിൽ ബുക്ക് ചെയ്യുന്നത് വഴി 20 ഇഞ്ച് നീളവും 30 ഇഞ്ച് വീതിയുമുള്ള ത്രിവർണ പതാകയാണ് ലഭ്യമാകുക. ഒരു പതാകയ്ക്ക് 25 രൂപയാണ് ഈടാക്കുന്നത്. ഇതിൽ ജിഎസ്ടി ചുമത്തിയിട്ടില്ല.
ദേശീയ പതാക വാങ്ങുന്നതിനായി ചെയ്യേണ്ടത്:
ഇ-പോസ്റ്റോഫീസിന്റെ പോർട്ടലിൽ കയറുക. ഹോം പേജിലുള്ള ദേശീയ പതാകയുടെ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. അടുത്തതായി ‘click the image to purchase flag’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഡെലിവെറി ചെയ്യേണ്ട സ്ഥലത്തിന്റെ വിലാസവും എത്ര ത്രിവർണ പതാകകൾ വേണമെന്നും അവിടെ രേഖപ്പെടുത്തുക. പേയ്മെന്റും ഇവിടെ തന്നെ ചെയ്യാവുന്നതാണ്. ഒരു മൊബൈൽ നമ്പർ വഴി പരമാവധി അഞ്ചെണ്ണമാണ് ഓർഡർ ചെയ്യാൻ കഴിയുന്നത്.
ഒരിക്കൽ ഓർഡർ കൊടുത്തുകഴിഞ്ഞാൽ പിന്നീടത് റദ്ദാക്കുവാൻ കഴിയില്ല. നിങ്ങളുടെ ഏറ്റവുമടുത്ത പോസ്റ്റ് ഓഫീസിലാണ് പതാക ഡെലിവറി ചെയ്യപ്പെടുക. ഓർഡറിന് ഡെലിവറി ചാർജ് ഈടാക്കുന്നതല്ല.
Comments