ഛണ്ഡീഗഡ്: പറന്നുയർന്നതിന് പിന്നാലെ ഗോ ഫസ്റ്റ് വിമാനം തിരികെ വിമാനത്താവളത്തിൽ ഇറക്കി. അഹമ്മദാബാദിൽ നിന്നും ഛണ്ഡീഗഡിലേക്ക് പുറപ്പെട്ട ഗോ ഫസ്റ്റ് ജി 8911 വിമാനം ആണ് അടിയന്തിരമായി താഴെയിറക്കിയത്. പക്ഷിയിടിച്ചതിനെ തുടർന്നായിരുന്നു താഴെയിറക്കിയത്.
ഉച്ചയോടെയാണ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നത്. ഛണ്ഡീഗഡിലേക്കുള്ള യാത്രയ്ക്കിടെ പക്ഷി ഇടിക്കുകയായിരുന്നു. തുടർന്ന് യാത്ര തുടരാതെ അഹമ്മദാബാദിലേക്ക് തന്നെ തിരികെ പോയി. വിമാനത്തിലെ യാത്രികരെല്ലാം സുരക്ഷിതരാണെന്ന് ഡിജിസിഎ അറിയിച്ചു.
വിമാനത്തിൽ സാങ്കേതിക വിദഗ്ധർ പരിശോധന നടത്തുകയാണ്. ഇതിന് ശേഷം യാത്രക്കാരുമായി ഛണ്ഡീഗഡിലേക്ക് മടങ്ങുമെന്നാണ് വിവരം. കഴിഞ്ഞ മാസം ഗോ ഫസ്റ്റിന്റെ വിമാനങ്ങൾ അടിയന്തിരമായി തിരിച്ചിറക്കിയ മൂന്ന് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എൻജിൻ തകരാറിനെ തുടർന്നും, വിൻഡ് ഷീൽഡ് തകർന്നതിനെയും തുടർന്നായിരുന്നു വിമാനങ്ങൾ താഴെയിറക്കിയത്.
Comments