കൊറോണ പ്രതിസന്ധിയും റഷ്യ-യുക്രെയ്ൻ യുദ്ധവും ഇതിനോടകം തന്നെ വാഹന ലോകത്ത് പല തടസ്സങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ ചൈനയും-തായ്വാനും തമ്മിലുള്ള യുദ്ധ സാധ്യതയും വാഹന ലോകത്തെ വലിയ തോതിൽ അലട്ടുന്നു. ലോകമെമ്പാടുമുള്ള വാഹന നിർമ്മാണത്തെ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷം ബാധിക്കും. യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിന് പിന്നാലെ ചൈനയും തായ്വാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷം വഷളായാൽ തായ്വാനിലെ ചിപ്പ് നിർമ്മാണ കമ്പനിയെ വലിയ തോതിൽ ബാധിക്കും.
ഇലക്ട്രോണിക് വസ്തുക്കളുടെയും വാഹനങ്ങളുടെയും ഒരു പ്രധാന ഘടകമാണ് അർദ്ധചാലക ചിപ്പുകൾ. എന്നാൽ ഇപ്പോൾ ഏകദേശം രണ്ട് വർഷത്തോളമായി ചിപ്പിന് വ്യാപകതോതിൽ ക്ഷാമം നിലനിൽക്കുന്നു. ഇത് ആഗോളതലത്തിൽ വാഹന വിതരണ, നിർമ്മാണ പ്രവർത്തന പ്രക്രിയകളെ തടസ്സപ്പെടുത്തുന്നുണ്ട്. വലിയ തോതിൽ ചിപ്പ് നിർമ്മാണം നടക്കുന്ന രാജ്യമാണ് തായ്വാൻ. നിലവിൽ രാജ്യത്ത് ഒരു യുദ്ധം പൊട്ടിപുറപ്പെട്ടാൽ ചിപ്പുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും വാഹന വിപണിയെ തളർത്തുകയും ചെയ്യും.
തായ്വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ്(ടിഎസ്എംസി) ലോകത്തിലെ ഏറ്റവും വലിയ കരാർ ചിപ്പ് നിർമ്മാതാക്കളും ഏറ്റവും മൂല്യമുള്ളമുള്ള കമ്പനിയുമാണ്. ചൈനയുമായി പിരിമുറുക്കം രൂക്ഷമായതിനാൽ പ്രവർത്തനം മന്ദഗതിയിലാകുമെന്ന് ടിഎസ്എംസി മുന്നറിയിപ്പ് നൽകുന്നു. ചൈന-തായ്വാൻ യുദ്ധം ഉണ്ടായാൽ ടിഎസ്എംസിയെ മാത്രമല്ല ബാധിക്കുക എന്നും, അതിന്റെ അനന്തരഫലങ്ങൾ യുണൈറ്റഡ് മൈക്രോ ഇലക്ട്രോണിക്സ് കോർപ്പറേഷൻ, എഎസ്ഇ ടെക്നോളജി, മീഡിയടെക്, എയു ഒപ്ട്രോണിക്സ് തുടങ്ങിയവരെയും തളർത്തുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിൽ, ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ(FADA) ഇതിനകം തന്നെ ജാഗ്രനിർദ്ദേശം നൽകിയിട്ടുണ്ട്.
Comments