ഗാന്ധിനഗർ: കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് മരണം. ഗുജറാത്തിലെ പോർബന്തർ വിമാനത്താവളത്തിലാണ് അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരാണ് മരിച്ചത്. ഉച്ചയ്‌ക്ക് 12.10 ഓടെയായിരുന്നു സംഭവം.
കോസ്റ്റ് ഗാർഡിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് (ALH) പോർബന്തർ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ തകർന്നുവീണത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമെന്ന് പോർബന്തർ പൊലീസ് പറഞ്ഞു.
അപകടത്തിനുപിന്നാലെ ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നുപേരെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തി. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോസ്റ്റ് ഗാർഡ്, ഉദ്യോഗസ്ഥരുടെ മരണം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.