കൊച്ചി: സനാതന ധർമ്മം അശ്ലീലമാണെന്ന സിപിഎം നേതാവ് എം.വി. ഗോവിന്ദന്റെ പ്രസ്താവന മതതീവ്രവാദികളെ സന്തോഷിപ്പിക്കാനാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു. തീവ്രവാദ വിഭാഗങ്ങളുടെ കൈയ്യടിക്ക് വേണ്ടിയാണ് സിപിഎം നേതാക്കൾ ഹിന്ദുക്കളെ നിരന്തരം ആക്ഷേപിക്കുന്നത്.
ശ്രീനാരായണ ഗുരുദേവൻ സനാതന ധർമ്മത്തിന്റെ വക്താവല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പിന്തുണച്ച ഏക മാർക്‌സിസ്റ്റിതര രാഷ്‌ട്രീയ പ്രസ്ഥാനം എസ്ഡിപിഐ ആയിരുന്നുവെന്ന് ആർ.വി ബാബു ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് സ്വാതന്ത്ര്യവും തുല്യതയും നിഷേധിക്കുന്ന മുസ്ലീം വ്യക്തിനിയമമായ ശരിയത്ത് ശരിയാണെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയവരാണ് സനാതന ധർമ്മത്തെ ആക്ഷേപിക്കുന്നത്.
സനാതന ധർമ്മ വിശ്വാസികളെ മുഴുവൻ അശ്ലീലക്കാരാക്കി സിപിഎം അധിക്ഷേപിക്കുകയാണ്. സനാതന ധർമ്മം അശ്ശീലമാണെങ്കിൽ അതിൽ വിശ്വസിച്ച് ജീവിക്കുന്നവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം അശ്ലീലമാണെന്ന് സിപിഎം പറഞ്ഞു വെക്കുകയാണ്. അവരുടെ ഈശ്വരൻമാരും ആചാര്യൻമാരും അശ്ലീലമാണെന്ന വാദവും സി പി എമ്മിനുണ്ടെന്ന് ആർവി ബാബു ചൂണ്ടിക്കാട്ടി. ശ്രീനാരായണ ഗുരു അടക്കമുള്ള ഹിന്ദു സന്യാസിമാരും ആദ്ധ്യാത്മിക ആചാര്യൻമാരും ഈ അശ്ലീലത്തിന്റെ വക്താക്കളാണെന്ന അഭിപ്രായം സിപിഎം വച്ചുപുലർത്തുകയാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ശക്തമായ സ്വാധീനമുള്ള ഗ്രാമങ്ങളിലടക്കം വിശ്വസിക്കുകയും പരിപാലിക്കുകയും ആചരിക്കുകയും ചെയ്യുന്ന തെയ്യം, മുത്തപ്പൻ, കുലദേവതാ സങ്കല്പം ഇതെല്ലാം അശ്ലീലമാണെന്ന് സിപിഎം ആക്ഷേപിക്കുന്നു. സനാതന ധർമ്മത്തെ നിലവിലെ ജാതി വ്യവസ്ഥയായി ചിത്രീകരിച്ച് അവഹേളിക്കുന്നത് പട്ടിയെ പേപട്ടിയെന്ന് വിളിച്ച് തല്ലിക്കൊല്ലുന്നതിന് സമാനമാണ്.
പരമതവിദ്വേഷവും ഹിംസയും പ്രോത്സാഹിപ്പിക്കുന്ന മതവിശ്വാസങ്ങളെ താലോടിക്കൊണ്ടാണ് സർവ്വധർമ്മ സമ ഭാവനയിലും സർവ്വചരാചരങ്ങളുടെ സുഖത്തിലും വിശ്വസിക്കുന്ന സനാതന ധർമ്മത്തെ തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിച്ചു വികൃതമാക്കി സിപിഎം നേതാക്കൾ അവതരിപ്പിക്കുന്നത്. ഗോവിന്ദൻ പ്രസ്താവന പിൻവലിച്ച് ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നും ആർ.വി ബാബു ആവശ്യപ്പെട്ടു.