ഗാസ: ഇസ്രായേലിൽ റോക്കറ്റ് ആക്രമണം നടത്തി പലസ്തീൻ ഭീകരർ. ഭീകര സംഘടനയായ ഇസ്ലാമിക് ജിഹാദാണ് ഇസ്രായേൽ നഗരങ്ങൾക്ക് നേരെ ഭീകരാക്രമണം നടത്തിയത്. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വൈകീട്ട് ഗാസയിൽ ഭീകരർക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിൽ ഇസ്ലാമിക് ജിഹാദ് കമാൻഡർ കൊല്ലപ്പെട്ടിരുന്നു. ഇതിലുള്ള പ്രതികാരമെന്നോണമാണ് ഭീകരർ ആക്രമണം നടത്തിയത്.
ഇസ്രായേലിന്റെ സാമ്പത്തിക തലസ്ഥാനമായ ടെൽ അവീവിലും പരിസരങ്ങളിലുമാണ് റോക്കറ്റുകൾ പതിച്ചത്. നഗരങ്ങൾ ലക്ഷ്യമിട്ടെത്തിയ നിരവധി റോക്കറ്റുകളെ ഇസ്രായേൽ വ്യോമ പ്രതിരോധ സംവിധാനം തകർത്തെറിഞ്ഞു.
ഇസ്രായേൽ നഗരങ്ങൾക്ക് നേരെ നൂറ് റോക്കറ്റുകൾ വിക്ഷേപിച്ചെന്നാണ്
ഇസ്ലാമിക് ജിഹാദ് മൂവ്മെന്റ് സംഘടനയുടെ അവകാശവാദം. നിരവധി പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും ഇവർ പറയുന്നു. എന്നാൽ ആക്രമണങ്ങളിൽ ആൾ നാശം ഉണ്ടായിട്ടില്ലെന്ന് ഇസ്രായേൽ ആംബുലൻസ് സർവ്വീസ് വ്യക്തമാക്കി.
Comments