വയനാട്: കെഎസ്ആർടിസി ഡിപ്പോകളിൽ ഇന്ധനക്ഷാമം മൂലം ജില്ലയിൽ വെട്ടിക്കുറച്ചത് നിരവധി പ്രാദേശിക സർവീസുകൾ. മൂന്നു ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം ഡിപ്പോകളിൽ 8000 ലിറ്റർ ഡീസൽ മാത്രമാണ് എത്തിയത്. ഇത് തികയാതെ വന്നതോടെ സർവീസുകൾ വെട്ടി കുറയ്ക്കുകയായിരുന്നു. ഇത് കെഎസ്ആർടിസിയുടെയും ഭരണകൂടത്തിന്റെയും പരാജയമാണെന്ന് ടി സിദ്ദിഖ് എം.എൽ.എ ജനം ടി വി യോടു പറഞ്ഞു.
കൽപ്പറ്റ ഡിപ്പോയിൽ 40 സർവീസുകളിൽ 16 എണ്ണം മാത്രമേ കഴിഞ്ഞ ദിവസം സർവീസ് നടത്തിയുള്ളൂ. ഞായറാഴ്ചകളിൽ ലോക്കൽ സർവീസ് മാത്രം മതിയെന്നാണ് മാനേജ്മെൻറ് തീരുമാനമെന്ന് ജീവനക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്ക് നിരവധി കത്തു നൽകിയതാണ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ ഭരണനേതൃത്വം ദയനീയമായി പരാജയപ്പെട്ടു എന്നും സിദ്ദിഖ് എം എൽ എ പറഞ്ഞു
പ്രാദേശിക സർവീസുകൾ നിർത്തലാക്കുന്നത് മുൻകൂട്ടി അറിയിക്കാത്തതിനാൽ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. കെഎസ്ആർടിസി സർവീസ് മാത്രമുള്ള ഉൾപ്രദേശങ്ങളിലെ യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. അടിയന്തിരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിരവധി യാത്രക്കാരാണ് ദുരിതമനുഭവിക്കുക എന്നും എംഎൽഎ വ്യക്തമാക്കി.
Comments