കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ അപകടം. പെയിന്റടിക്കാൻ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഫ്രെയിം തകർന്നുവീണ് ഒരാൾ മരിച്ചു. ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 8.30യോട് കൂടിയാണ് അപകടം. കൊച്ചി ഇൻഫോ പാർക്കിനുള്ളിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. ഉയരത്തിലുള്ള ഇരുമ്പ് ഫ്രെയിമിൽ കയറിനിന്ന് ജോലി ചെയ്യവേ ഇത് തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു. അതിനുമുകളിൽ കയറി നിന്ന് ജോലി ചെയ്തിരുന്നവരും താഴെ നിന്നിരുന്നവരുമാണ് അപകടത്തിൽപ്പെട്ടത്. ഇരുമ്പ് ഫ്രെയിമിന്റെ പാളികൾ ശരീരത്തിൽ പതിച്ചാണ് പലർക്കും പരിക്കേറ്റത്.
പരിക്കേറ്റവരെല്ലാം ബീഹാർ സ്വദേശികളാണെന്നാണ് വിവരം. അപകടത്തിൽ പെട്ടവരിൽ 2 പേരെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു. ഇരുമ്പ് ഫ്രെയിമുകൾക്കിടയിൽ കുടുങ്ങിയ 3 പേരെ അഗ്നിശമനസേനയെത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. പലർക്കും തലയ്ക്കും കാലിനുമാണ് പരിക്കേറ്റതെന്ന് ദൃക്സാക്ഷികൾ പറയുന്നു.