ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ സ്വർണം വാരിക്കൂട്ടി ഇന്ത്യൻ താരങ്ങൾ. ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ അചന്ത ശരത് കമൽ സ്വർണം നേടി. ഇതോടെ കോമൺവെൽത്തിൽ ഇന്ത്യ നേടിയ സ്വർണം 22 ആയി.
പുരുഷ വിഭാഗം ടേബിൾ ടെന്നിസ് സിംഗിൾസിൽ ബ്രിട്ടീഷ് താരത്തെ തോൽപ്പിച്ചാണ് ശരത് കമൽ സ്വർണം നേടിയത്. ബ്രിട്ടണിന്റെ പാഡ്‌ലർ ലിയാം പിച്ച്‌ഫോഡിനെ 4-1 എന്ന സ്‌കോറിന് ശരത് കമൽ പരാജയപ്പെടുത്തി.
നേരത്തെ ടേബിൾ ടെന്നീസ് ഡബിൾസിൽ ശരത് കമലും ജി. സത്യനും ചേർന്ന് ഇന്ത്യയ്‌ക്ക് വെള്ളി നേടി തന്നിരുന്നു. ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്ഹാളും ലിയാം പിച്ച്‌ഫോഡുമായിരുന്നു ഡബിൾസിലെ എതിരാളികൾ. 11-8, 8-11, 3-11, 11-7, 4-11 എന്ന സ്‌കോറിനായിരുന്നു വെള്ളി മെഡൽ നേട്ടം.
ടേബിൾ ടെന്നീസിലെ മിക്‌സഡ് ഡബിൾസിൽ ഇന്ത്യയ്‌ക്ക് സ്വർണമായിരുന്നു ലഭിച്ചത്. അചന്ത ശരത് കമലിനോടൊപ്പം യുവതാരം ശ്രീജ അകുള ഫൈനലിൽ മാറ്റുരച്ചു. മലേഷ്യയുടെ ജാവേൻ ചൂങ് – കരേൻ ലൈൻ കൂട്ടുക്കെട്ടിനെ 11-4, 9-11, 11-5, 11-6 എന്ന സ്‌കോറിനായിരുന്നു ഇന്ത്യ തോൽപ്പിച്ചത്. സിംഗിൾസ് ഫൈനലിൽ ശരത് കമൽ സ്വർണം വാരിയതോടെ ടേബിൾ ടെന്നീസിൽ ഇന്ത്യയ്‌ക്ക് മൂന്ന് മെഡലുകൾ സ്വന്തമാക്കാൻ കഴിഞ്ഞു.
കോമൺവെൽത്ത് മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറിയ ഇന്ത്യ നിലവിൽ 60 മെഡലുകളാണ് കരസ്ഥമാക്കിയത്. 22 സ്വർണവും 15 വെള്ളിയും 23 വെങ്കലവും ഇന്ത്യയ്‌ക്ക് ലഭിച്ചു.
Comments