ന്യൂഡൽഹി: ബയോളജിക്കൽ ഇ നിർമിച്ച കോർബെവാക്‌സ് എന്ന കൊറോണ പ്രതിരോധ വാക്സിൻ ഇനി ഇന്ത്യയിൽ ബൂസ്റ്റർ ഡോസായും ഉപയോഗിക്കാം. വാക്‌സിന്റെ 10 കോടി ഡോസുകൾ കമ്പനി കേന്ദ്രസർക്കാരിന് കൈമാറി. ഇനി സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഉൾപ്പെടെ cowin ആപ്ലിക്കേഷൻ മുഖേന ബൂസ്റ്റർ ഡോസിനായി കോർബെവാക്‌സ് ബുക്ക് ചെയ്യാവുന്നതാണ്.
കൊവിഷീൽഡോ കൊവാക്‌സിനോ ഉപയോഗിച്ച ഏതൊരാൾക്കും ബൂസ്റ്റർ ഷോട്ടായി കോർബെവാക്‌സ് കുത്തിവെപ്പ് സ്വീകരിക്കാം. സ്വകാര്യ വാക്‌സിനേഷൻ സെന്ററിൽ ഒരു ഡോസിന് 250 രൂപയാണ് കോർബെവാക്‌സിന് ഈടാക്കുക. അഡ്മിനിസ്‌ട്രേറ്റീവ് ചാർജുകൾ ഉൾപ്പെടെ 400 രൂപയ്‌ക്കായിരിക്കും ഉപഭോക്താവിന് ലഭിക്കുക. 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോർബെവാക്‌സ് സ്വീകരിക്കാവുന്നതാണ്.
ബുക്ക് ചെയ്യേണ്ടിതിങ്ങനെ..
https://selfregistration.cowin.gov.in/ എന്ന വെബ്‌സൈറ്റിൽ കയറിയതിന് ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഒടിപിയും അടിച്ചുകൊടുക്കുക. ഇതുവഴി കൊവിൻ ആപ്പിലൂടെ കോർബെവാക്‌സിന് ബുക്ക് ചെയ്യാവുന്നതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച ഏതൊരാൾക്കും ആറ് മാസമോ 26 ആഴ്ചയോ പിന്നിട്ടാൽ കോർബെവാക്‌സ് സ്വീകരിക്കാം.
വാക്‌സിനെടുക്കുന്നവർക്ക് പനി, തലവേദന, ക്ഷീണം, വയറിളക്കം, ശരീരവേദന, ഓക്കാനം വരിക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാം. വാകിസ്‌നെടുത്തതിന് പിന്നാലെ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഗുരുതരമായാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. 1800 309 0150 എന്ന ടോൾ ഫ്രീ നമ്പറിലേക്കും വിളിക്കാം..
Comments