ചൈനീസ് വാഹന ബ്രാൻഡ് ആയ എംജി മോട്ടോർ ഇന്ത്യയുടെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന വാഹനമാണ് എംജി ഹെക്ടർ എസ്യുവി. ഇന്ത്യൻ വിപണിയിലെ തങ്ങളുടെ മിന്നും താരത്തെ അപ്ഡേറ്റ് ചെയ്ത് പുറത്തിറക്കാൻ തയ്യാറെടുത്തിരിക്കുകയാണ് കമ്പനി. അപ്ഡേറ്റ് ചെയ്ത വാഹനത്തിന്റെ പുതിയ ഒരു ടീസറും തങ്ങളുടെ ആരാധകർക്ക് വേണ്ടി എംജി മോട്ടോർ ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. ഉടൻ തന്നെ പുതിയ എംജി ഹെക്ടർ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വാഹനം ലോഞ്ച് ചെയ്യുന്ന തിയതി ഔദ്യോഗികമായി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
2019-ൽ ഇന്ത്യയിൽ വാഹനം അവതരിപ്പിച്ചതിനു ശേഷം ഹെക്ടർ എസ്യുവിയ്ക്ക് വരുന്ന ആദ്യത്തെ അപ്ഡേറ്റാണിത്. മുൻ തലമുറ ഹെക്ടർ എസ്യുവിയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രധാനമായും മുൻഭാഗത്തെ ആർഗൈൽ- ഇൻസെപേർഡ് ഡയമണ്ട് ഫ്രണ്ട് ഗ്രില്ലിന് കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. ആർഗൈൽ-ഇൻസ്പേർഡ് ഡയമണ്ട് മെഷ് ഗ്രിൽ എന്ന് എംജി മോട്ടോർ വിശേഷിപ്പിക്കുന്ന ഗ്രിൽ കൂടുതൽ ഭംഗിയോടെയാണ് പുതിയ എസ്യുവിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇരുവശത്തുമുള്ള എൽഇഡി ഹെഡ്ലൈറ്റുകൾ ചെറുതും വലിപ്പം കുറഞ്ഞതുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹെഡ്ലാബുകളിലും ടെയിൽലാബുകളിലും പരിഷ്കാരങ്ങളുണ്ട്. ഹെക്ടറിന്റെ ക്യാബിനുള്ളിലും പുതിയ മാറ്റങ്ങൾ കമ്പനി വരുത്തുന്നു.
ഒരു പുതിയ 14 ഇഞ്ച്, പോർട്രെയിറ്റ് ശൈലിയിലുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഹനത്തിൽ ലഭിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇത് ടെസ്ല മോഡൽ-എസിൽ വാഗ്ദാനം ചെയ്യുന്ന യൂണിറ്റിന് സമാനമാണ്. ലംബമായി സ്ഥാപിച്ചിട്ടുള്ള എസി വെന്റുകൾ ഉപയോഗിച്ച് ഡാഷ്ബോർഡ് പൂർണ്ണമായും പരിഷ്കരിക്കും. വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ടെക്, ഡിജിറ്റൽ കീ, പേഴ്സണൽ എഐ അസിസ്റ്റന്റ് എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷനുള്ള പാർക്കിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, റേഡർ അടിസ്ഥാനമാക്കിയുള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളുള്ള ലെവൽ 2 അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ(ADAS) പുതിയ 2022 ഹെക്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്.
എംജി ഹെക്ടർ 2022 ഫേസ്ലിഫ്റ്റ് എസ്യുവിയ്ക്ക് 168 bhp ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനും 141 bhp കരുത്തും 250 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കാൻ കഴിയുന്ന 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും നൽകാനാണ് സാധ്യത. പുതിയ എസ്യുവിയിലും 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് യൂണിറ്റ് തന്നെ ഉപയോഗിക്കും എന്നാണ് റിപ്പോർട്ടുകൾ. മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം വാഹനത്തിൽ ഗ്യാസോലിൻ മോട്ടോറും ലഭിക്കും. 6 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്സുകൾ കമ്പനി നൽകുന്നു.
Comments