ന്യൂഡൽഹി: ഇന്ത്യയുടെ ബാഡ്മിന്റൺ തരംഗം പി.വി.സിന്ധുവിന് പരിക്ക്. കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം സ്വന്തമാക്കിയ സിന്ധുവിന് മത്സരത്തിനിടെയുണ്ടായ പരിക്കാണ് വിനയാകുന്നത്. ഇതോടെ വരാനിരിക്കുന്ന ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ നിന്നും സിന്ധു പിന്മാറി. ഇടതുകണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്. ചികിത്സയ്ക്ക് ശേഷം മാത്രമേ പരിശീലനം പൂർണ്ണതോതിൽ പുന:രാരംഭിക്കാൻ സാധിക്കൂ എന്നതാണ് നിലവിലെ അവസ്ഥ. സിന്ധു തന്നെയാണ് പരിക്കിന്റെ വിവരം പുറത്തുവിട്ടത്.
‘കോമൺവെൽത്ത് ഗെയിംസിന്റെ സ്വർണ്ണനേട്ടത്തിന്റെ സന്തോഷത്തിലാണ്. എന്നാൽ നിർഭാഗ്യവശാൽ ലോക ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറുകയാണ്. കോമൺവെൽത്ത് ഗെയിംസിലെ ക്വാർട്ടർ ഫൈനലിനിടെയുണ്ടായ പരിക്ക് കൂടുതലായിരിക്കുന്നു. വേദന വിട്ടുമാറുന്നില്ല. പരിശീലകന്റേയും ഫിസിയോയുടേയും സഹായത്താലാണ് മുന്നേറിയത്. ഫൈനലിന് ശേഷം വേദന അസഹനീയമാവുകയും ചെയ്തു. ഹൈദ്രാബാദിലെത്തിയ ശേഷം നടത്തിയ എംആർഐ സ്കാനിലാണ് പരിക്കിന്റെ ആഴം തിരിച്ചറിഞ്ഞത്. ഇടതുപാദത്തിൽ പരിക്കുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്. കുറച്ചുനാൾ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദി.’ പി.വി.സിന്ധു പറഞ്ഞു.
കോമൺവെൽത്തിൽ സ്വർണം നേടി സിന്ധു മികച്ച ഫോമിലായിരുന്നു.
Comments