ചെന്നൈ : വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നും മൃഗങ്ങളെ പിടികൂടി. ബാങ്കോക്കിൽ നിന്ന് ടിജി-337 വിമാനത്തിൽ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നുമാണ് ജിവികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.
ഒരു കുരങ്ങ് ,രണ്ട് അൽദാബ്ര ആമ , 20 പാമ്പ് എന്നിവയാണ് യാത്രക്കാരന്റെ പക്കൽ ഉണ്ടായിരുന്നത്. പാമ്പുകളിൽ 15 എണ്ണം രാജവെമ്പാലയും 5 എണ്ണം പെരുമ്പാമ്പുമാണ്. കുരങ്ങ് ആഫ്രിക്കയിൽ മാത്രം കണ്ടുവരുന്ന ഡി ബ്രാസ ഇനത്തിൽപ്പെടുന്നതും.
അതേസമയം മൃഗങ്ങളെ തായ് എയർവേസ് വഴി തിരികെ അയച്ചുവെന്ന് കസ്റ്റംസ് അറിയിച്ചു. ആനിമൽ ക്വാറന്റൈൻ ആന്റ് സർട്ടിഫിക്കേഷൻ സർവീസുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തിരിച്ചയച്ചത്.സംഭവത്തിൽ യാത്രക്കാരനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു.
പിന്നാലെ പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചെന്നൈയിൽ ജയിലിലാണ് റിമാൻഡ് ചെയ്തത്. ഇയാളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.
Comments