മുംബൈ: പ്രമുഖ വ്യവസായിയും ആകാശ എയർ സഹ സ്ഥാപകനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 6.45ഓട് കൂടിയായിരുന്നു മരണം സംഭവിച്ചത്.
കഴിഞ്ഞ ഏറെ നാളായി അദ്ദേഹം രോഗബാധിതൻ ആയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു അദ്ദേഹം അന്തരിച്ചത് എന്നാണ് വിവരം. അവശനിലയിലായ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
5000 രൂപ മൂലധനത്തിൽ ആരംഭിച്ച് രാജ്യത്ത് ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ അപൂർവ്വ വ്യക്തിത്വമാണ് അദ്ദേഹം. ഇന്ത്യൻ ഓഹരി പിണയിലെ അതികായനെന്ന വിശേഷണത്തിന് അർഹനായ ജുൻജുൻവാല നിരവധി ഇന്ത്യൻ കമ്പനികളുടെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആകാശ എയർ ഈ മാസം ഏഴിനാണ് പ്രവർത്തനം ആരംഭിച്ചത്.
രാകേഷ് ജുൻജുൻവാലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അജയ്യൻ ആയിരുന്നു ജുൻജുൻവാലയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സാമ്പത്തിക ലോകത്തിന് അതുല്യ സംഭാവനകേളിയ വ്യക്തിയാണ് അദ്ദേഹം. രാജ്യത്തിന്റെ വളർച്ചയിലും പുരോഗതിയിലും അതീവ തത്പരൻ ആയിരുന്നു ജുൻജുൻവാല. അദ്ദേഹത്തിന്റെ വിയോഗം ദുഖകരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Comments