പാലക്കാട്: സിപിഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകം സിപിഎമ്മിലെ ഗ്രൂപ്പ് വഴക്ക് കാരണം സംഭവിച്ചതെന്ന് യുവമോർച്ച പാലക്കാട് ജില്ല അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിയെന്ന് സംശയിക്കുന്നയാൾ സിപിഎം നേതാക്കളോടൊപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചായിരുന്നു പ്രശാന്ത് ശിവന്റെ പ്രതികരണം.
ആർഎസ്എസിന്റെ തലയിൽ കൊലപാതകത്തെ വെച്ചുകെട്ടി ചുളുവിൽ ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള ശ്രമമാണ് സിപിഎം നേതൃത്വം നടത്തുന്നതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. കൊട്ടേക്കാട് മേഖലയിലെ സിപിഎമ്മിന്റെ കഞ്ചാവ് മാഫിയയുടെ നേതൃത്വത്തിലാണ് സിപിഎം ലോക്കൽ കമ്മറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന നവീൻ സിപിഎമ്മിന്റെ പരിപാടികളിൽ പങ്കെടുക്കുന്നതും സിപിഎമ്മിന്റെ കണ്ണൂർ ജില്ലയിലെ കൊട്ടേഷൻ ടീമുകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളുമാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
അതേസമയം പാലക്കാട് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്‌ട്രീയവൈര്യമാണെന്നാണ് എഫ്‌ഐആറിൽ എഴുതിയിരിക്കുന്നത്. എന്നാൽ ശബരി, അനീഷ് എന്നിവർ ചേർന്നാണ് ഷാജഹാനെ വെട്ടിയതെന്നും ഇവർ പാർട്ടി പാർട്ടി അംഗങ്ങളാണെന്നും ദൃക്‌സാക്ഷി വെളിപ്പെടുത്തി. ദേശാഭിമാനി പത്രം വരുത്തുന്നത് സംബന്ധിച്ച വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. മലമ്പുഴ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു കൊല്ലപ്പെട്ട ഷാജഹാൻ.
ഷാജഹാന്റെ വധത്തിന് പിന്നിൽ ആർഎസ്എസുകാരാണെന്ന് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് ഈ ആരോപണം ഏറ്റുപിടിക്കാഞ്ഞത് പ്രാദേശിക നേതൃത്വത്തിന് തിരിച്ചടിയാകുകയും ചെയ്തു. എന്നാൽ ഷാജഹാന്റെ കൊലയ്‌ക്ക് പിന്നിൽ ആരാണെന്ന് പറയേണ്ടത് പോലീസാണെന്നും അതിന് മുമ്പ് ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നുമുള്ള പ്രതികരണമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയത്.
Comments