പാറ്റ്ന: ജനങ്ങൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന ബിഹാർ സർക്കാരിന്റെ വമ്പൻ പ്രഖ്യാപനത്തെ പരിഹസിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. സമസ്തിപൂരിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർമാരെ വിഡ്ഢികളാക്കുകയാണ് മഹാഗഡ്ബന്ധൻ സർക്കാരെന്ന് പറഞ്ഞ അദ്ദേഹം പല സ്കൂൾ അദ്ധ്യാപകർക്കും സംസ്ഥാനത്ത് ശമ്പളം ലഭിച്ചിട്ടില്ലെന്ന് ഓർമിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ ആർജെഡിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ച ജെഡിയു നേതൃത്വത്തെയും അദ്ദേഹം വിമർശിച്ചു. ജെഡിയുവിന്റെ തീരുമാനം ബിഹാറിൽ കൂടുതൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
മഹാവികാസ് അഘാഡി സർക്കാർ വീണതിനെ ഓർമ്മിപ്പിച്ച പ്രശാന്ത് കിഷോർ പുതിയ സർക്കാരിന് ഭാവിയുണ്ടാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചില്ല. നിതീഷ് കുമാറിനെയും അതിരൂക്ഷമായി വിമർശിച്ച അദ്ദേഹം ബിഹാർ മുഖ്യമന്ത്രി തന്റെ കസേരയിൽ പറ്റിപ്പിടിച്ചിരിക്കാൻ ഫെവികോൾ ഉപയോഗിക്കുന്നുണ്ടെന്ന് പരിഹസിക്കുകയും ചെയ്തു.
ബിഹാർ സർക്കാരിന്റെ പ്രഖ്യാപനം അനുസരിച്ച് അടുത്ത 1-2 വർഷത്തിനുള്ളിൽ പത്ത് ലക്ഷം തൊഴിലവസരങ്ങൾ എങ്കിലും സൃഷ്ടിക്കപ്പെട്ടാൽ താൻ ഈ പണി നിർത്തുമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നേതാവായി കണക്കാക്കുമെന്നും പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചു. നിങ്ങൾ എവിടെ നിന്ന് 10 ലക്ഷം ജോലി നൽകും? ജോലിയുള്ളവർക്ക് തന്നെ ശമ്പളം കൊടുക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല. സ്കൂളിലെ അദ്ധ്യാപകർക്ക് മാസങ്ങളായി ശമ്പളമില്ല. ഈ സാഹചര്യത്തിലും 20 ലക്ഷം ജോലി നൽകുമെന്ന് പറയുന്നു, ജനങ്ങളെ വിഡ്ഢികളാക്കുന്ന ഈ പ്രവൃത്തിയെ രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ല. 20 ലക്ഷം പേർക്ക് ജോലി നൽകുക എന്നത് വലിയ കാര്യമാണെന്നും മഹാഗഡ്ബന്ധൻ സർക്കാരിന് മൂന്ന് വർഷം സമയമുണ്ടെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.
ബിഹാറിന്റെ രാഷ്ട്രീയത്തിൽ 180 ഡിഗ്രിയുടെ വൻ വ്യതിയാനമാണ് കാണാനായത്. കാര്യങ്ങൾ വീണ്ടും മാറുമോയെന്നും പറയാൻ കഴിയില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിഹാറിലെ രാഷ്ട്രീയം കൂടുതൽ പ്രക്ഷുബ്ധമാകുമെന്നാണ് ഒരു രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലയിലുള്ള തന്റെ പ്രവചനം. കാരണം സർക്കാരിന് ജനപിന്തുണയില്ല. മഹാരാഷ്ട്രയിലെ സർക്കാർ നിലനിന്നിരുന്നോ? അപ്പോൾ പിന്നെ ബിഹാറിൽ അത് പ്രാവർത്തികമാകുമെന്ന് കരുതുന്നുണ്ടോ? ഇല്ല. 2005-ൽ എൻഡിഎ സർക്കാർ വളരെ മികച്ച പ്രവർത്തനങ്ങളാണ് ബിഹാറിൽ നടത്തിയത്. അതിന് അർഹിക്കുന്ന ജനവിധി ഇവിടെ ഉണ്ടാകുകയും ചെയ്തു. എന്നാൽ ഭരണം നേടാൻ സർക്കാർ കാണിച്ച സൂത്രപണികൾ ഒരിക്കലും, ഭരണം നിലനിർത്താൻ സഹായിക്കുകയില്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.
Comments