ലോകമൊട്ടാകെ ശ്രദ്ധ പിടിച്ചുപ്പറ്റിയ ചിത്രമാണ് എസ്.എസ് രാജമൗലിയുടെ ബാഹുബലി. ആഗോള ബ്ലോക്ക്ബസ്റ്ററായി മാറിയ സിനിമ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തിരുന്നു. രാജമൗലിയും അദ്ദേഹത്തിന്റെ ബ്രഹ്മാണ്ഡ ചിത്രവും മാത്രമല്ല, പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, രമ്യാ കൃഷ്ണൻ തുടങ്ങിയ താരങ്ങളും ഇന്ത്യയൊട്ടാകെ പ്രശംസിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ സിനിമയെപ്പറ്റിയുള്ള ഒരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ശിവഗാമി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച രമ്യാ കൃഷ്ണൻ. ചിത്രം ഇത്രയും വലിയ ഹിറ്റാകുമെന്ന് താൻ ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ല എന്നാണ് നടിയുടെ വെളിപ്പെടുത്തൽ.
ബാഹുബലിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഈ സിനിമ എങ്ങനെ ആയിരിക്കുമെന്നോ, എന്ത് ചെയ്യണമെന്നോ ഞങ്ങൾക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല എന്ന് രമ്യാ കൃഷ്ണൻ പറയുന്നു. രാജമൗലി സംവിധാനം ചെയ്യുന്ന ഒരു സാധാരണ തെലുങ്ക് ചിത്രത്തിലാണ് തങ്ങൾ ജോലി ചെയ്യുന്നതെന്ന് മാത്രമെ കരുതിയിരുന്നുള്ളു. പക്ഷെ സിനിമ ഇറങ്ങിയ ശേഷം ആരാധകരുടെ പ്രതികരണം കണ്ടപ്പോൾ താൻ അടക്കം എല്ലാവരും അതിശയിച്ചു എന്ന് താരം പറയുന്നു.
രാജമൗലി എന്ന വ്യക്തി തെലുങ്കിലെ തന്നെ ഏറ്റവും മികച്ച സംവിധായകനാണ്. വലിയ ഒരു സംവിധായകന്റെ സിനിമയിൽ ഭാഗമാകുന്നു എന്നതായിരുന്നു സന്തോഷം. എന്നാൽ ചിത്രം ഇത്രയും വലുത് ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് നടന്നതെല്ലാം രോമാഞ്ചം സൃഷ്ടിക്കുന്നതായിരുന്നു. താൻ ഒരു ദക്ഷിണേന്ത്യൻ നടിയാണ്. അതുകൊണ്ട് ഒന്ന് പറയാൻ സാധിക്കും, ദക്ഷിണേന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ബാഹുബലിയിൽ അഭിനയിച്ചതിൽ താൻ ഇപ്പോൾ ഏറെ അഭിമാനിക്കുകയാണ്. താൻ ഭാഗമായ ഒരു ദക്ഷിണേന്ത്യൻ സിനിമ കാരണമാണ് പാൻ ഇന്ത്യ സംഭവിച്ചതെന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്നും രമ്യാ കൃഷ്ണൻ പറഞ്ഞു.
Comments