ന്യൂഡൽഹി: അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണ്ണം നേടിയ ഗുസ്തിതാരം ആന്റിം പങ്കലിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പെൺകുട്ടിയായി ചരിത്രം സൃഷ്ടിച്ചതിന് അഭിനന്ദനം എന്നാണ് അമിത് ഷാ ട്വിറ്ററിൽ കുറിച്ചത്. അഭിമാന നിമിഷമാണിതെന്നും പങ്കലിന്റെ കഠിനാധ്വാനത്തെയും സമർപ്പണബോധത്തെയും ഇന്ത്യ അഭിവാദ്യം ചെയ്യുന്നു എന്നും കൂട്ടിച്ചേർത്തു. ശോഭനമായ ഭാവിക്ക് ആശംസകളും അദ്ദേഹം നേർന്നു.
ബൾഗേറിയയിൽ നടന്ന മത്സരത്തിന്റെ ഫൈനലിൽ 53 കിലോ വിഭാഗത്തിൽ അത്ലിൻ ഷഗവോയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം സ്വർണ്ണം സ്വന്തമാക്കിയത്. ജർമ്മൻ അമേരി ഒലിവിയെ പരാജയപ്പെടുത്തിയാണ് പങ്കൽ കളി ആരംഭിച്ചത്. രണ്ടാം റൗണ്ടിൽ ജപ്പാന്റെ അയാക കിമുറയോട് ഏറ്റുമുട്ടി. സെമിയിൽ യുക്രെയ്ന്റെ ക്ലീവ്ചുത്സകയെ 11-2 എന്ന് സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഫൈനലിൽ ഖസാക്കിസ്ഥൻ താരത്തെ 8-0 എന്ന സ്കോറിലാണ് തോൽപ്പിച്ചത്.
കഴിഞ്ഞ വർഷം കേഡറ്റ് ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും കരസ്ഥമാക്കിയിരുന്നു. 2022-ലെ യു23 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും പങ്കൽ നേടിയിരുന്നു. ഇന്ത്യയുടെ ദീപക് പുനിയ, രമേഷ് കുമാർ, പൽവീന്ദർ സിംഗ് ചീമ, പപ്പു യാദവ് എന്നിവരാണ് ഇതിന് മുൻപ് ചാമ്പ്യന്മാരായത്.
Comments