ഇസ്ലമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. നിരോധിത ഫണ്ട് കേസിൽ ഹാജരാകാത്തതിനാണ് ഇമ്രാൻ ഖാനെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യ്‌തേക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. പാകിസ്താൻ മാദ്ധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്.
കഴിഞ്ഞ ബുധനാഴ്ചയും കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകാൻ ഖാന് നോട്ടീസ് നൽകിയിരുന്നു. ഇതിന് ഹജരാകാത്തതിനെ തുടർന്ന് രണ്ടാമത്തെ നോട്ടീസ് വെള്ളിയാഴ്ചയും അയച്ചു. ഇതിനും ഹാജരായിരുന്നില്ല. മൂന്നാം തവണയും ഹാരജായില്ലെങ്കിൽ ഖാനെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
മൂന്നാമത്തെ നോട്ടീസും നൽകിയതിന് ശേഷം ഖാനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കും എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. യുഎസ്എ, ഓസ്ട്രേലിയ, കാനഡ, ബ്രിട്ടൻ, ബെൽജിയം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അഞ്ച് കമ്പനികളുമായി ഇമ്രാൻ ഖാന്റെ തെഹ് രിക് ഇ ഇൻസാഫ് പാർട്ടിക്ക് ബന്ധമുണ്ടെന്ന് ഏജൻസി കണ്ടെത്തിയിരുന്നു. ഈ കമ്പനികളുടെ കാര്യം പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച വിവരങ്ങളിൽ തെഹ് രിക് ഇ ഇൻസാഫ് പാർട്ടി ഉൾപ്പെടുത്തിയിട്ടുമില്ല.
എന്നാൽ കേസിൽ തനിക്ക് അയച്ച നോട്ടീസ് രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെടുക്കണം എന്നാണ് ഇമ്രാൻ ഖാന്റെ വാദം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് വസ്തുതാപരമായ നിലപാട് മറച്ചുവെച്ചതിന് എഫ്ഐഎ മതിയായ തെളിവുകൾ ശേഖരിച്ചെന്നും അധികൃതർ പറഞ്ഞു.
ഇമ്രാൻ കുറ്റക്കാരനാണെന്ന് തെളിയിക്കാൻ എഫ്ഐഎ കമ്മിറ്റി മതിയായ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. രണ്ട് നോട്ടീസ് നൽകിയിട്ടും ഹാജരാകാത്ത ഖാന് മൂന്നാമത്തേതും അവസാനത്തേതും ആയ നോട്ടീസ് അടുത്താഴ്ച ഉദ്യോഗസ്ഥർ അയച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ 34 വിദേശരാജ്യങ്ങളിൽ നിന്നും, ചട്ടങ്ങൾ മറികടന്ന് ഇമ്രാൻ ഖാന്റെ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി ഫണ്ട് സ്വീകരിച്ചതായി പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരുന്നു.















