ഹരാരേ: ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം നിമിഷം പങ്കിടാൻ കിട്ടുന്ന അവസരം ആരും പാഴാക്കാറില്ല. ഇവിടെ ഇന്ത്യൻ ടീമിലെ ആവേശതാരങ്ങളിലൊരാളായ ഋതുരാജ് ഗെയ്ക്വാദ് നൽകിയ ഉത്തരമാണ് വൈറലാകുന്നത്. സച്ചിൻ തെണ്ടുൽക്കർക്കൊപ്പം അത്താഴവിരുന്നാണോ ധോണിയ്ക്കൊപ്പമുള്ള പരിശീലനമാണോ തിരഞ്ഞെടുക്കുക എന്നതായിരുന്നു ചോദ്യം. ക്വിക്ക് ഹിറ്റ്സ് വിത്ത് ഋതുരാജ് ഗെയ്ക്വാദ് എന്ന വീഡിയോ അഭിമുഖത്തിലാണ് കുസൃതി ചോദ്യം പിറന്നത്.
ചോദ്യത്തിന് ഋതുരാജിന്റെ ആലോചിച്ചുറപ്പിച്ചുള്ള ഉത്തരം വളരെ കൗതുകരവുമായിരുന്നു. ‘ആദ്യം ധോണിയ്ക്കൊപ്പം നന്നായി പരിശീലിക്കും പിന്നീട് സച്ചിനൊപ്പം ഒരുമിച്ച് അത്താഴവും കഴിക്കും.’ രസകരമായ മറുപടി കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.ചോദ്യവും ഉത്തരവും ബിസിസിഐ ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് സംഭാവന ചെയ്ത ഇതിഹാസങ്ങളിൽ സുനിൽ ഗവാസ്ക്കർ, കപിൽദേവ്, രാഹുൽദ്രാവിഡ്, വിരേന്ദർ സെവാഗ് എന്നിവർക്കൊക്കെ ഇന്നും വൻ ആരാധകരാണ്. ടീം ഇന്ത്യയിൽ ഇടം നേടുന്ന യുവതാരങ്ങൾക്കും ഇവരെല്ലാം ഗുരുക്കന്മാ രുമാണ്. ഇവരുമൊക്കെയായി ഇടപഴകാൻ ധാരാളം അവസരമുണ്ടെങ്കിലും ക്രിക്കറ്റ് ഇതിഹാസങ്ങളുമായി ഒറ്റയ്ക്ക് സംസാരിക്കാനും അനുഭവം പങ്കിടാനും ലഭിക്കുന്ന ഒരു അവസരവും ആരും പാഴാക്കാറില്ല. താരങ്ങൾ ഒരുമിച്ചുള്ള എല്ലാ മുഹൂർത്തങ്ങളും ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തോടെയാണ് പങ്കുവെയ്ക്കാറുള്ളത്.
Comments