ലണ്ടൻ: അന്യരാജ്യത്തും ഇന്ത്യൻ സംസ്കാരം മുറുകെ പിടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനക്. കുടുംബാംഗങ്ങൾക്കൊപ്പം ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായ ഗോപൂജ നടത്തി. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം ഭാര്യ അക്ഷധ മൂർത്തിയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം ഗോ പൂജ നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലണ്ടനിലെ ഗോശാലയിൽ എത്തിയാണ് ഋഷി സുനക് പൂജ നടത്തിയത്. പൂജകളുടെ കാർമ്മികത്വം വഹിക്കാൻ ക്ഷേത്ര പുരോഹിതന്മാരും കൂടെയുണ്ടായിരുന്നു. ക്ഷേത്ര പുരോഹിതന്റെ നിർദ്ദേശത്തിനനുസരിച്ച് ഋഷി സുനക് പൂജകൾ നടത്തുന്നതായി വീഡിയോയിൽ കാണാം. പൂജകൾക്ക് ശേഷം ഋഷി സുനകും, അക്ഷധയും ചേർന്നാണ് പശുവിനെ ആരതി ഉഴിഞ്ഞത്.
ഗോ പൂജ കാണാൻ നിരവധി പേരാണ് ഗോശാലയിൽ എത്തിയത്. കൺസർവേറ്റീവ് പാർട്ടി പ്രവർത്തകരും ഗോപൂജയിൽ പങ്കെടുത്തിരുന്നു. ഗോശാലയിലെ അധികൃതരുമായി സംസാരിച്ച ശേഷമായിരുന്നു അദ്ദേഹവും കുടുംബാംഗങ്ങളും മടങ്ങിയത്.
നേരത്തെ ജന്മാഷ്ടമി ദിനത്തിൽ ശ്രീകൃഷ്ണഭഗവാന്റെ അനുഗ്രഹം തേടി ഋഷി സുനകും ഭാര്യയും ഭക്തിവേദാന്ത ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഗോപൂജ നടത്തുന്നത്. അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറൽ ആയിരുന്നു.
Comments