ചെന്നൈ : മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത് തന്നെ അത്ഭുതപ്പെടുത്തിയില്ലെന്ന് മുൻ കോൺഗ്രസ് നേതാവ് ഖുശ്ബു സുന്ദർ. രാഹുൽ ഗാന്ധി സ്വപ്‌നലോകത്ത് മുഴുകിയിരിക്കുകയാണെന്നും പാർട്ടിയുടെ അവസ്ഥ മനസിലാക്കാൻ നേതാവിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും ഖുശ്ബു വിമർശിച്ചു. കോൺഗ്രസിന്റെ മനോഭാവം ഇനിയൊരിക്കലും മാറാൻ പോകുന്നില്ലെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
ഗുലാം നബി ആസാദ് രാജിവെച്ചതിൽ തനിക്ക് അത്ഭുതമില്ല. തന്റെ ജീവിതത്തിന്റെ പകുതിയോളം കാലം ഒരു പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട വ്യക്തിയാണ് അദ്ദേഹം. നല്ല കാലത്ത് പാർട്ടിക്ക് വേണ്ടി നിരവധി ത്യാഗങ്ങൾ അദ്ദേഹം സഹിച്ചിട്ടുണ്ട്. അത്തരമൊരു വ്യക്തി ഇപ്പോൾ പാർട്ടിക്കെതിരെ സംസാരിക്കണമെങ്കിൽ, അതിൽ എന്തെങ്കിലും കഴമ്പുണ്ടെന്ന് കോൺഗ്രസ് മനസിലാക്കണം, അതറിഞ്ഞ് വേണം പാർട്ടി മുന്നോട്ട് പോകാൻ.
രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ സ്വപ്ന ലോകത്ത് മുഴുകിയിരിക്കുകയാണ്. പാർട്ടിയുടെ യഥാർത്ഥ സ്ഥിതി എന്താണെന്ന് അദ്ദേഹം മനസിലാക്കുന്നില്ല. ഗുലാം നബി ആസാദ് മാത്രമല്ല, താനും കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമെല്ലാം കോൺഗ്രസ് പാർട്ടി മടുത്ത് രാജിവെച്ചവരാണ്.
2014ൽ കോൺഗ്രസിൽ പ്രവേശിക്കുമ്പോൾ തനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാൽ ആറ് വർഷം കഴിഞ്ഞപ്പോൾ അധികമായി ഒന്നും മാറാൻ പോകുന്നില്ല എന്ന് തനിക്ക് മനസ്സിലായെന്നും അവർ പറഞ്ഞു. കോൺഗ്രസിന്റെ അടിസ്ഥാന മനോഭാവവും ചിന്താഗതിയും മാറ്റാൻ കഴിയില്ലെന്ന് പറഞ്ഞ ഖുശ്ബു പാർട്ടിയുടെ അന്ത്യത്തിന്റെ തുടക്കമാണിതെന്നും കൂട്ടിച്ചേർത്തു.
Comments