ഡാർക്ക്, കാസിരംഗ പതിപ്പുകൾക്ക് ശേഷം ജെറ്റ് എഡിഷനുമായി ടാറ്റാ മോട്ടോഴ്സ്. നെക്സോൺ ,ഹാരിയർ, സഫാരി എന്നീ എസ്യുവികളുടെ ജെറ്റ് പതിപ്പാണ് ടാറ്റാ അവതരിപ്പിച്ചിരിക്കുന്നത്. നെക്സോൺ ജെറ്റ് എഡിഷന്റെ വില 12.13 ലക്ഷം രൂപയിൽ ആരംഭിക്കുമ്പോൾ, ഹാരിയറിന്റെയും സഫാരിയുടെയും വില യഥാക്രമം 20.90 ലക്ഷം രൂപയിലും 21.35 ലക്ഷം രൂപയിലും ആരംഭിക്കുന്നു. എസ്യുവികളുടെ ടോപ്പ് എൻഡ് XZ+ ട്രിം അടിസ്ഥാനമാക്കിയാണ് ജെറ്റ് എഡിഷൻ.
മുൻ സ്പെഷ്യൽ എഡിഷനുകൾ പോലെ തന്നെ ജെറ്റ് എഡിഷനും വളരെ സുന്ദരമാണ്. രൂപഭംഗി വർദ്ധിപ്പിച്ചതോടൊപ്പം പുതിയ ചില ഫീച്ചറുകൾ കൂടി കമ്പനി വാഹനങ്ങൾക്ക് കൂട്ടിച്ചേർക്കുന്നു. യാന്ത്രികമായി എസ്യുവികൾ അതേപടി തന്നെയാണ് തുടരുന്നത്. XZ+ (P) പെട്രോൾ, XZA+ (P) പെട്രോൾ, XZ+ (P) ഡീസൽ, XZA+ (P) ഡീസൽ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് നെക്സോൺ ജെറ്റ് പതിപ്പുകൾ ലഭ്യമാകുന്നത്. ബാഹ്യ രൂപകൽപ്പന പരിശോധിക്കുമ്പോൾ ടാറ്റ നെക്സോൺ ജെറ്റ് എഡിഷന് ഒരു സ്റ്റാർലൈറ്റ് പെയിന്റ് വർക്കാണ് ലഭിക്കുന്നത്. വെങ്കല നിറവും കോൺട്രാസ്റ്റിംഗ് പ്ലാറ്റിനം സിൽവർ റൂഫും ആണ് നെക്സോൺ ജെറ്റ് എഡിഷന് നൽകിയിരിക്കുന്നത്. അലോയ് വീലുകൾക്കും ബംപറുകൾക്കും ബ്ലാക്ക്-ഔട്ട് ഫിനിഷ് ലഭിക്കും. നെക്സോൺ ജെറ്റ് പതിപ്പിന് ഇപ്പോൾ വയർലെസ് ചാർജർ ലഭിക്കുന്നുണ്ട്.
ടാറ്റ ഹാരിയർ ജെറ്റ് എഡിഷൻ മൂന്ന് വേരിയന്റുകളിലാണ് ലഭിക്കുന്നത്. XZ+, XZA+, XZ+ 6 എന്നിങ്ങനെയാണ് വേരിയന്റകൾ. XZA+, XZ+ 7, XZA+ 7 എന്നിങ്ങനെ മൂന്ന് വേരിയെന്റുകളിൽ സഫാരി ജെറ്റ് എഡീഷനും ടാറ്റാമോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നു. എല്ലാ ജെറ്റ് എഡിഷൻ എസ്യുവികൾക്കും പുതിയ കളർ സ്കീം ലഭിക്കും. ജെറ്റ് എഡിഷനുകൾക്കെല്ലാം പൊതുവായുള്ളത് പുതിയ “സ്റ്റാർലൈറ്റ്” ഡ്യുവൽ ടോൺ പെയിന്റ് ഫിനിഷും വെങ്കല ബോഡിയും സിൽവർ റൂഫുമാണ്. കൂടാതെ, എസ്യുവികൾക്കെല്ലാം കറുത്ത അലോയ്കളും സിൽവർ സ്കിഡ് പ്ലേറ്റുകളും ലഭിക്കും.
Comments