തിരുവനന്തപുരം: എബിവിപി സംസ്ഥാന ഓഫീസ് സിപിഎം ഗുണ്ടകൾ ആക്രമിച്ചത് ഭരണ പരാജയം മറച്ചു വെക്കാൻ വേണ്ടിയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. പോലീസ് സി പി എം ലോക്കൽ സെക്രട്ടറിയേക്കാൾ ഭംഗിയായി പാർട്ടിക്കൂറ് കാണിക്കുന്നു. എബിവിപി സംസ്ഥാന ഓഫീസിലെ പ്രവർത്തകർക്കെതിരായ പോലീസ് നടപടി അങ്ങേയറ്റം പ്രകോപനപരമാണെന്നും ശ്രീഹരി പറഞ്ഞു.
വഞ്ചിയൂർ സംസ്കൃത കോളേജിലെ വിദ്യാർത്ഥികൾ കഴിഞ്ഞ കുറച്ചു നാളുകളായി കോളേജിന് മുൻവശത്തെ റോഡ് നന്നാക്കുന്നതുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലർ ഗായത്രി ബാബുവിനെ കാണുവാൻ ശ്രമിച്ചിരുന്നു. എന്നാൽ സിപിഎം ഗുണ്ടാസംഘങ്ങൾ കൗൺസിലറെ കാണുന്നതിൽ നിന്ന് വിദ്യാർത്ഥികളെ വിലക്കി. തുടർന്ന് വാർഡിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് ഇറങ്ങിയ കൗൺസിലറെ നേരിൽ കണ്ട് നിവേദനം നൽകിയ വിദ്യാർത്ഥികളെ വഞ്ചിയൂർ ബാബുവിന്റെ നേതൃത്വത്തിൽ സിപിഎം, സിഐടിയു ഗുണ്ടകൾ ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.
വാർഡിലെ ഭരണപരാജയം ചൂണ്ടിക്കാണിച്ച ജാള്യത മറയ്ക്കാനായിരുന്നു സി പി എം അക്രമം. അക്രമത്തെ തുടർന്ന് സ്വയരക്ഷാർത്ഥം വിദ്യാർത്ഥികൾ സമീപത്തുള്ള എബിവിപി ഓഫീസിലേക്ക് ഓടിക്കയറുകയായിരുന്നു. അവരെ കിട്ടാതെ വന്നതോടെ അക്രമി സംഘം എബിവിപി ഓഫീസ് ആക്രമിക്കുകയായിരുന്നു. പോലീസ് അക്രമി സംഘങ്ങൾക്ക് ഒത്താശ ചെയ്തു. അക്രമം നോക്കി നിന്ന പോലീസ് സിപിഎം ലോക്കൽ സെക്രട്ടറിയെക്കാൾ ഭംഗിയായി പാർട്ടിക്കൂറ് കാണിക്കുകയായിരുന്നുവെന്നും എബിവിപി വ്യക്തമാക്കി.
എബിവിപി സംസ്ഥാന ഓഫീസിലെ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത പോലീസ് നടപടി അങ്ങേയറ്റം പ്രകോപനപരമാണ്. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഭരണ പരാജയം മറച്ചു പിടിക്കാനുമാണ് സിപിഎം അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. എകെജി സെന്റർ അക്രമമെന്ന നാടകം പരാജയപ്പെട്ട സിപിഎം ഇന്ന് പുതിയ കഥകളുമായി ഇറങ്ങുകയാണ്. ഈ വിഷയത്തിലും അന്വേഷണം ശരിയായ ദിശയിൽ നടന്നാൽ കേസ് ഈപി ജയരാജനിൽ എത്തി നിൽക്കും. അതു കൊണ്ടാണ് പോലീസ് ഇത്രയും വലിയ പ്രകോപനങ്ങളുണ്ടായിട്ടും വേണ്ട മുൻകരുതലുകൾ സ്വികരിക്കാതിരുന്നത്. സിപിഎമ്മിന്റെ ഇത്തരം കൊലക്കത്തി രാഷ്ട്രീയവും അക്രമങ്ങളും പൊതുസമൂഹത്തെയും വിദ്യാർത്ഥികളെയും അണിനിരത്തി ചെറുക്കുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി വ്യക്തമാക്കി.
അതേസമയം സി പി എം ഓഫീസ് ആക്രമിച്ചത് എബിവിപി പ്രവർത്തകരാണ് എന്ന നിലപാടിലാണ് പോലീസ്.
Comments