ന്യൂഡൽഹി : ഡൽഹി നിയമസഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടന്നത് നാടകീയ രംഗങ്ങൾ. വിശ്വാസ പ്രമേയം അവതരിപ്പിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിയമസഭയിലേക്ക് എത്തുന്നതിന് തൊട്ട് മുൻപ് ബിജെപി എംഎൽഎമാരെ പുറത്താക്കി. ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർളയാണ് ഒരു ദിവസത്തേക്ക് പ്രതിപക്ഷ അംഗങ്ങളോട് സഭ വിടാൻ പറഞ്ഞത്. സഭയിൽ പ്രതിഷേധിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി.
മദ്യ കുംഭകോണവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാൽ ഇത് പൂർണമായും അവഗണിച്ചുകൊണ്ടാണ് ഡെപ്യൂട്ടി സ്പീക്കർ ഇവരെ പുറത്താക്കിയത്. തുടർന്ന് അരവിന്ദ് കെജ്രിവാൾ എത്തി വിശ്വാസ പ്രമേയം അവതരിപ്പിച്ചു.
വിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ, ഡൽഹി എൽജി വിനയ് കുമാർ സക്സേനയ്ക്ക് 1,400 കോടി രൂപയുടെ ഖാദി കുംഭകോണത്തിൽ പങ്കുണ്ടെന്ന് എഎപി എംഎൽഎ ദുർഗേഷ് പഥക് ആരോപിച്ചു. അദ്ദേഹത്തെ സ്ഥാനത്തുനിന്നും മാറ്റണമെന്ന് എഎപി എംഎൽഎമാർ ആവശ്യപ്പെട്ടു. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചാണ് നിയമസഭാംഗങ്ങൾ പ്രതിഷേധിച്ചത്.
അതേസമയം എഎപി വിട്ട് ബിജെപിയിൽ ചേരാൻ തന്റെ പാർട്ടിയിലെ 12 എംഎൽഎമാർക്ക് 20 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കെജ്രിവാൾ ആരോപിച്ചു.. എന്നാൽ തങ്ങളുടെ എംഎൽഎമാർ സത്യസന്ധരായതിനാൽ ‘ഓപ്പറേഷൻ ലോട്ടസ്’ പരാജയപ്പെട്ടെന്നും കെജ്രിവാൾ നിയമസഭയിൽ പറഞ്ഞു.
Comments