തിരുവനന്തപുരം: സിപിഎം ജില്ലാ ഓഫീസ് അജ്ഞാതർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസിന്റെ മുഖം രക്ഷിക്കാൻ എബിവിപി പ്രവർത്തകരെ രാഷ്ട്രീയ പ്രേരിതമായി പോലീസ് വേട്ടയാടുന്നു എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻ സി ടി ശ്രീഹരി. സിപിഎമ്മിന്റെ കൊട്ടേഷൻ സംഘമായി കേരളം പോലീസ് മാറിയെന്ന് അദ്ദേഹം പറഞ്ഞു. ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ എഴുതി തയ്യാറാക്കിയ തിരക്കഥക്ക് കേരള പോലീസ് കൂട്ടുനിൽക്കുകയിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എബിവിപി സംസ്ഥാന ഓഫീസ് യാതൊരു പ്രകോപനവും കൂടാതെ അടിച്ചു തകർത്ത സിപിഎം ഭരണ പരാജയവും പാർട്ടിയിലെ ആഭ്യന്തര പ്രശ്നവും മറച്ചു വെക്കാൻ നടത്തുന്ന ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം ജില്ലാ ഓഫീസ് അക്രമിക്കപ്പെട്ടത്. എകെജി സെന്റർ അക്രമവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാൻ കഴിയാതെ നാണം കെട്ട് നിൽക്കുന്ന ആഭ്യന്തര വകുപ്പും പോലീസും ജില്ലയിൽ കലാപത്തിന് ശ്രമിക്കുകയാണ്. എബിവിപി ഓഫീസിൽ അക്രമം നടത്തുകയും സംഘടനാ നേതാക്കളെ മർദിക്കുകയും ചെയ്ത പാർട്ടി കൗൺസിലർ ബാബു അടക്കമുള്ള ഗുണ്ടകളെ സംരക്ഷിക്കുന്ന നിലാപാടാണ് പോലീസ് സ്വീകരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കലാലയങ്ങളിൽ പ്രവർത്തിക്കുന്ന എബിവിപി പ്രവർത്തകരെ അക്രമിക്കുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്.
വഞ്ചിയൂർ വനിതാ കൗൺസിലറെ കയ്യേറ്റം ചെയ്തെന്ന കേസിൽ എബിവിപി പ്രവർത്തകരെ മജിസ്ട്രേറ്റ് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. ഇതിന്റെ ജാള്യത മറക്കാൻ പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ എഴുതി തയ്യാറാക്കി നൽകിയ ലിസ്റ്റ് പ്രകാരം എബിവിപി പ്രവർത്തകരെ ബോധപൂർവ്വം പ്രതിപട്ടികയിൽ ചേർക്കുകയായിരുന്നു. പാർട്ടി ഗുണ്ടകളുടെയും പോലീസിന്റെയും ക്രൂര മർദ്ദനത്തിനിരയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവർത്തകരെയടക്കം പ്രതിപ്പട്ടികയിൽ ചേർത്ത കേരള പോലീസ് സിപിഎമ്മിന്റെ കൊട്ടേഷൻ ടീമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പ്രസ്ഥാപിച്ചു.
ഭരണ പരാജയം മറച്ചു വെയ്ക്കാൻ പാർട്ടി അനുകൂലികളെ തലോടുകയും താലോലിക്കുകയും ചെയ്യുന്ന കേരള പൊലീസ് ജനാധിപത്യ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. എബിവിപി ഭരണ ഘടന അനുശാസിക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയിൽ വിശ്വസിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ്. രാഷ്ട്രീയ പ്രേരിതമായി പ്രവർത്തകരെ കള്ളക്കേസുകളില് കുടുക്കുകയും അടിച്ചൊതുക്കുകയും ചെയ്യുന്ന ഭരണകൂട ഭീകരതയെ നിയമപരമായി നേരിടും. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം സിപിഎമ്മിന്റെയും ഭരണകൂടത്തിന്റെയും ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ക്യാംപസുകളിൽ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിഷേധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments