കാബൂൾ : ഏഷ്യ കപ്പ് മത്സരത്തിൽ പാകിസ്താനെ തകർത്തെറിഞ്ഞ ഇന്ത്യയുടെ വിജയം ആഘോഷമാക്കി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് പ്രേമികൾ. ചിരവൈരികളായ പാകിസ്താനെ 5 വിക്കറ്റിന് തോൽപ്പിച്ച് കൊണ്ടാണ് ഇന്ത്യ കപ്പ് നിലനിർത്തുന്നതിനുള്ള പേരാട്ടത്തിന് തുടക്കം കുറിച്ചത്. ഈ പേരാട്ട വീര്യത്തെ പ്രശംസിച്ചാണ് അഫ്ഗാനിസ്ഥാൻ ആരാധകർ രംഗത്തെത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
യൂസഫ്‌സായി അനായത്ത് എന്ന യുവാവാണ് ആഘോഷത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. എല്ലാ അഫ്ഗാനിസ്ഥാനികൾക്കും വേണ്ടി ഇന്ത്യക്കാരെ അഭിനന്ദിക്കുന്നു എന്ന കുറിപ്പും ദൃശ്യത്തിനൊപ്പം യുവാവ് പങ്കുവച്ചിരുന്നു. ഇന്ത്യയ്‌ക്കായി സിക്‌സ് അടിച്ച ഹർദ്ദിക് പാണ്ഡ്യയെ ആരാധകരിൽ ഒരാൾ ടെലിവിഷനിലൂടെ ചുംബിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ട്വിറ്ററിൽ പങ്കുവച്ച വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്.
ഏഷ്യ കപ്പിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള ക്യാപ്ടൻ രോഹിത് ശർമ്മയുടെ തീരുമാനം നിർണ്ണായകമായിരുന്നു. ആദ്യ ഓവറിൽ പൂജ്യത്തിന് പുറത്തായ രാഹുൽ ഇന്ത്യയെ സമ്മർദ്ദത്തിൽ ആക്കി എങ്കിലും വിരാട് കോഹ്ലിയും സമ്മർദ്ദം അതിജീവിച്ച് ബാറ്റേന്തിയ രവീന്ദ്ര ജഡേജയും ഹർദ്ദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യക്കായി ജയമൊരുക്കി.ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരേ പോലെ മികവ് പുലർത്തിയാണ് ട്വന്റി 20 ലോകകപ്പിലെ തോൽവിക്ക് ഇന്ത്യ പ്രതികാരം ചെയ്തത്.
അതേസമയം ഭീകരവാദം തകർത്ത അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റിനെ പ്രേത്സാഹിപ്പിക്കാന്‍ ബിസിസിഐ എല്ലാവിധ പിന്തുണകളും നിലവിൽ നൽകി വരുന്നുണ്ട്. അഫ്ഗനിസ്ഥാൻ ക്രിക്കറ്റിലെ പല താരങ്ങളും തങ്ങളുടെ കഴിവ് തെളിയിച്ചത് ഐപിൽ വഴിയാണ് . ഇതിന് പുറമെ ഇവിടങ്ങളിലെ കളിക്കാർ പലപ്പോഴും ഇന്ത്യൻ ഗ്രൗണ്ടുകളെ മത്സരത്തിനായി ഉപയോഗിക്കാറുണ്ട്.















