എറണാകുളം: ജീവിതം ആസ്വദിക്കുന്നതിന് തടസ്സമായി പുതുതലമുറ വിവാഹത്തെ കാണുന്നുവെന്ന് ഹൈക്കോടതി. ലിവിംഗ് ടുഗെതർ സംസ്ഥാനത്ത് വർദ്ധിക്കുന്നു. വിവാഹ മോചിതരുടെയും ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെയും എണ്ണം വർദ്ധിക്കുന്നത് സമൂഹത്തെ ബാധിക്കുന്നുണ്ടെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
ആലപ്പുഴ സ്വദേശികളായ ദമ്പതികൾ വിവാഹ മോചനവുമായി ബന്ധപ്പെട്ട് നൽകിയതിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക നിരീക്ഷണം. മറ്റൊരു സ്ത്രീയുമൊത്ത് ജീവിക്കാൻ ഭാര്യയിൽ നിന്നും വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ട് ഭർത്താവാണ് കോടതിയിൽ ഹർജി നൽകിയത്. എന്നാൽ കുട്ടികളുമൊത്ത് ഭർത്താവിനൊപ്പം ജീവിച്ചാൽ മതിയെന്ന് ഭാര്യ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കോടതി വിവാഹം സംബന്ധിച്ച് നിർണായക നിരീക്ഷണങ്ങൾ നടത്തിയത്.ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു പരാമർശങ്ങൾ.
ഭാര്യ അനാവശ്യവസ്തുവായി ഇന്ന് കണക്കാക്കുന്നു. ഉപഭോക്തൃ സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് ആളുകൾക്കിടയിൽ ഇത്തരത്തിലൊരു ചിന്ത വളർന്നു വന്നിരിക്കുന്നത്. ഉപയോഗിക്കുക അതിന് ശേഷം വലിച്ചെറിയുക എന്ന ചിന്തയാണ് ആളുകളിൽ ഇപ്പോഴുള്ളത്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ലിവിംഗ് ടുഗെതർ സമ്പ്രദായം വർദ്ധിക്കുന്നു. ഇത് വിവാഹ മോചിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്. വിവാഹമോചിതരും, ഉപേക്ഷിക്കപ്പെട്ട കുട്ടികളും ജനസംഖ്യയിൽ ഭൂരിപക്ഷമായാൽ അത് സമൂഹത്തിന്റെ ശാന്തതയെ ബാധിക്കുകയും, വളർച്ച മുരടിപ്പിക്കുകയും ചെയ്യും. ഭാര്യ എന്നാൽ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവൾ എന്നതാണ് ഇന്നത്തെ ചിന്താഗതി. ദുർബലവും സ്വാർഥവുമായ കാര്യങ്ങൾക്കും, വിവാഹേതര ബന്ധങ്ങൾക്കുമായി വിവാഹ ബന്ധം തകർക്കുന്നതാണ് നിലവിലെ പ്രവണത. ഇത് സമൂഹത്തെ ദോഷമായി ബാധിക്കും. വിവാഹ ബന്ധങ്ങൾക്ക് വലിയ വില കൽപ്പിച്ചിരുന്ന സംസ്കാരമായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. അതെല്ലാം ഉപഭോക്തൃ സംസ്കാരത്തിന്റെ ഭാഗാമായി മാറുകയാണെന്നും കോടതി പരാമർശിച്ചു.
Comments