കൊൽക്കത്ത: ഇന്ത്യയുടെ ആദ്യത്തെ സ്ലീപ് ചാമ്പ്യനെന്ന നേട്ടം സ്വന്തമാക്കി കൊൽക്കത്ത സ്വദേശിനി ത്രിപർണ ചക്രവർത്തി. കിടക്ക നിർമ്മാണ കമ്പനിയായ വേക്ക് ഫിറ്റ് സംഘടിപ്പിച്ച ഉറക്ക മത്സരത്തിലാണ് ത്രിപർണ ഒന്നാം സ്ഥാനം നേടിയത്. മത്സരം വിജയിച്ചതിലൂടെ അഞ്ചുലക്ഷം രൂപയാണ് 26കാരിയായ ത്രിപർണയ്ക്ക് സമ്മാനമായി ലഭിച്ചത്.
നൂറ് ദിവസമായിട്ടാണ് മത്സരം നടന്നത്. തുടർച്ചയായി ഒൻപത് മണിക്കൂർ ഉറങ്ങുക എന്നതായിരുന്നു മത്സരാർത്ഥികൾക്ക് മുന്നിലുണ്ടായിരുന്ന കടമ്പ. ലക്ഷക്കണക്കിന് മത്സരാർത്ഥികളാണ് ആദ്യ ദിവസം ഉറങ്ങി മത്സരിക്കാൻ ഉണ്ടായിരുന്നത്. എന്നാൽ നൂറാമത്തെ ദിവസമായപ്പോഴേക്കും മത്സരത്തിലുള്ളവരുടെ എണ്ണം 4 ആയി ചുരുങ്ങി. 95 ശതമാനം നിദ്രാക്ഷമതയോടെയാണ് ത്രിപർണ ഉറക്ക വിജയിയായത്.
അവസാന ഘട്ടം വരെ എത്തിയ മത്സരാർത്ഥികൾക്ക് ഓരോ ലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്. ഇതിൽ പങ്കെടുക്കാൻ എത്തിയവർക്ക് സ്ലീപ് എക്സ്പേർട്ട്സുമായി കൗൺസിലിങ് സെഷനുകൾ, ഫിറ്റ്നസ് എക്സ്പേർട്ടുകളുടെ സഹായം തുടങ്ങിയവയും ഒരുക്കിയിരുന്നു.
വേക്ക്ഫിറ്റിന്റെ ഉറക്കമത്സരത്തിന്റെ ആദ്യ സീസണിൽ 1.75 ലക്ഷം പേരാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്. രണ്ടാമത്തെ സീസണിനായി 5.5 ലക്ഷം പേരാണ് അപേക്ഷിച്ചത്. മൂന്നാമത്തെ സീസണിലേക്കും വേക്ക്ഫിറ്റ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
Comments