അഹമ്മദാബാദ് : ഗുജറാത്തിലെ ബിജെപി പ്രവർത്തകർ തന്റെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ എത്തിയതായിരുന്നു കെജ്രിവാൾ. ബിജെപിയിൽ നിന്ന് ആരും രാജിവെയ്ക്കരുത് എന്നും അവിടെ നിന്നുകൊണ്ട് തന്നെ എഎപിക്ക് വേണ്ടി പ്രവർത്തിക്കണമെന്നും കെജ്രിവാൾ പറഞ്ഞു.
ബിജെപിയിൽ നിന്ന് പണം വാങ്ങി എല്ലാവരും ആം ആദ്മിക്ക് വേണ്ടി പണിയെടുക്കണം. ഗുജറാത്തിൽ എഎപി അധികാരത്തിൽ ഏറിയാൽ ജനങ്ങൾക്ക് എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കും. ”ബിജെപി നേതാക്കളെ ഞങ്ങൾക്ക് ആവശ്യമില്ല. നിങ്ങൾക്ക് പാർട്ടിയിൽ തന്നെ തുടരാം. എന്നാൽ അവിടെ നിന്ന് എഎപിക്ക് വേണ്ടി ചാരവൃത്തി ചെയ്യണം. ബിജെപിയിൽ പ്രവർത്തിക്കുന്ന പലർക്കും ശമ്പളം ലഭിക്കുന്നുണ്ട്, അതുകൊണ്ട് അവിടെ നിന്ന് ശമ്പളം കൈപ്പറ്റിയ ശേഷം ഞങ്ങൾ വേണ്ടി പണിയെടുക്കണം. കാരണം ഞങ്ങളുടെ കൈയ്യിൽ പണമില്ല” എന്ന് കെജ്രിവാൾ പറഞ്ഞു.
ബിജെപിക്ക് വേണ്ടി ഏറെ കാലമായി ഗ്രാമങ്ങളിലും ബൂത്തുകളിലും പ്രവർത്തിക്കുന്ന നേതാക്കൾക്ക് പാർട്ടിയിൽ നിന്ന് എന്താണ് ലഭിക്കുന്നത് എന്ന് കെജ്രിവാൾ ചോദിച്ചു. തങ്ങൾ കോൺഗ്രസിനെപ്പോലെയല്ലെന്നും ബിജെപിക്ക് വെല്ലുവിളിയാകാൻ എഎപിക്ക് സാധിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. സർദാർ പട്ടേലിനെയും ഭഗത് സിംഗിനെയുമാണ് തങ്ങൾ വീരപുരുഷന്മാരായി കണക്കാക്കുന്നത് എന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
Comments