ആലപ്പുഴ: 68 ാമത് നെഹ്റു ട്രോഫി വളളംകളിയിൽ പളളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാട്ടിൽ തെക്കതിൽ ചുണ്ടൻ ഒന്നാം സ്ഥാനത്ത്. ചുണ്ടൻ വളളങ്ങളുടെ അഞ്ച് ഹീറ്റ്സ് മത്സരങ്ങളിൽ ഒന്നാമത് എത്തിയ വളളങ്ങളാണ് ഫൈനലിൽ മാറ്റുരച്ചത്. 4.30 മിനിറ്റും 77 സെക്കൻഡുമെടുത്താണ് കാട്ടിൽ തെക്കതിൽ ഫൈനലിൽ ഫിനീഷ് ചെയ്തത്. പളളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ഹാട്രിക് കിരീടമാണിത്.
ഫൈനലിൽ നാലാം ട്രാക്കിലായിരുന്നു കാട്ടിൽ തെക്കതിൽ മത്സരത്തിന് ഇറങ്ങിയത്. ഒന്നാം ട്രാക്കിൽ നടുഭാഗവും രണ്ടാം ട്രാക്കിൽ ചമ്പക്കുളവും മൂന്നാം ട്രാക്കിൽ വീയപുരവും അണിനിരന്നു. നേരത്തെ ഹീറ്റ്സിലും വേഗതയുടെ രാജാവായിട്ടാണ് കാട്ടിൽ തെക്കതിൽ ഫൈനലിലേക്ക് കടന്നത്. 4.24 സെക്കൻഡ് കൊണ്ടാണ് പളളാത്തുരുത്തി ബോട്ട് ക്ലബ്ബ് വളളം ഫിനീഷിംഗ് പോയിന്റ് കടത്തിയത്.
ഹീറ്റ്സിൽ ഒന്നാമത് എത്തിയിട്ടും സമയത്തിൽ പിന്നിൽ പോയതിനാൽ കാരിച്ചാൽ ചുണ്ടന് ഫൈനൽ കാണാതെ പുറത്ത് നിൽക്കേണ്ടി വന്നു. 20 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 77 കളിവള്ളങ്ങൾ ജലമേളയിൽ മാറ്റുരച്ചു. രാവിലെ 11 ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിച്ചിരുന്നു.
ചുണ്ടൻ വള്ളങ്ങളുടെ ആദ്യ ഹീറ്റ്സിൽ പോലീസ് ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ ആണ് ഒന്നാമത് എത്തിയത്. 3 വള്ളപ്പാടിനാണ് മറ്റ് വള്ളങ്ങളെ ചമ്പക്കുളം പിന്നിലാക്കിയത്. രണ്ടാം ഹീറ്റ്സിൽ കാട്ടിൽ തെക്കതിൽ ഒന്നാമതെത്തി. കഴിഞ്ഞ തവണത്തെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് കാട്ടിൽ തെക്കതിൽ തുഴയെറിഞ്ഞത്.
മൂന്നാം ഹീറ്റ്സിൽ യു.ബി സി കൈനകരിയുടെ കാരിച്ചാൽ ആണ് ഒന്നാമത് ഫിനീഷ് ചെയ്തത്. പായിപ്പാട് ആയിരുന്നു രണ്ടാമത്. നാലാം ഹീറ്റ്സിൽ ചുണ്ടൻ വള്ളങ്ങളിലെ ഇളമുറക്കാരൻ നിരണം ചുണ്ടൻ ആണ് ഒന്നാമത് എത്തിയത്. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് വളളംകളി ഉദ്ഘാടനം ചെയ്തത്.















