ഷാർജ : പതിനൊന്നാമത് ഏകത നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് ഈ മാസം 26 ന് തിരി തെളിയും. ഷാർജയിലെ പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക സംഘടനയായ ഏകതയാണ് പ്രമുഖ സംഗീതജ്ഞരെ അണിനിരത്തി സംഗീതോത്സവം സംഘടിപ്പിക്കുന്നത്. ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു.
ഇന്ത്യയിൽ നിന്നുള്ള പ്രമുഖ സംഗീതജ്ഞരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഷാർജയിലെ ഏകത സംഘടിപ്പിക്കുന്ന ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം നടക്കുന്നത്. ഒക്ടോബർ 4 വരെയാണ് സംഗീതോത്സവം. നവരാത്രി മണ്ഡപത്തിൽ സംഗീത അരങ്ങേറ്റം, സംഗീതാർച്ചന, സംഗീത പ്രതിഭ, സംഗീത വിദ്വാൻ, കൃതിസമർപ്പണം തുടങ്ങിയ എല്ലാ വിഭാഗത്തിനും വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 10 വരെ നീട്ടിയതായും സംഘാടകർ അറിയിച്ചു.
കർണാടക സംഗീതം അഭ്യസിക്കുന്ന വിദ്യാർത്ഥികൾക്കും പ്രമുഖ സംഗീതജ്ഞർക്കും നവരാത്രിയോടനുബന്ധിച്ച് വർഷം തോറും യുഎഇയിൽ മികച്ച വേദിയൊരുക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ഷാർജയിലുള്ള ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൻ ഹോട്ടൽ, ഈ വർഷത്തെ സംഗീതോത്സവത്തിന് വേദിയാകും. ഒക്ടോബർ 5 വിദ്യാരംഭത്തോടു കൂടി ഈ വർഷത്തെ സംഗീതോത്സവത്തിന് തിരശ്ശീല വീഴും.
Comments