തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി,കോട്ടയം, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതിതീവ്ര മഴ ഉണ്ടാകില്ലെങ്കിലും കഴിഞ്ഞ ദിവസം മഴ കിട്ടിയ മലയോര പ്രദേശങ്ങളിൽ ഉൾപ്പെടെ ജാഗ്രത വേണം. ഇവിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം മഴ കനക്കുമെന്നാണ് പ്രവചനം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതനുസരിച്ച് അടുത്ത ദിവസങ്ങളിലും മഴ കനക്കാൻ സാധ്യതയുണ്ട്. നാളെ 11 ജില്ലകളിലും ഏഴാം തീയ്യതി ഒൻപത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായി. 10 പേരടങ്ങിയ സംഘം വിനോദസഞ്ചാരത്തിന് എത്തിയപ്പോഴായിരുന്നു അപകടം. അപകടത്തിൽ പെട്ട എട്ട് പേരിൽ ആറ് പേരെ രക്ഷപ്പെടുത്തി. ആറ് വയസുകാരിയായ കുട്ടിയെ രക്ഷിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കുട്ടിയുടെ അമ്മയ്ക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
Comments