കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും യൂറോപ്പ് സന്ദർശനത്തിൽ പ്രതികരിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശ യാത്രകൾ അത്യാവശ്യമെന്നാണ് ധനമന്ത്രിയുടെ പ്രതികരണം. ലോകത്തുള്ള കാര്യങ്ങൾ കാണാൻ നാം പോകേണ്ടതുണ്ട്. വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണ്. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല എന്ന് പറഞ്ഞ മന്ത്രി, യൂറോപ്പിലേയ്ക്ക് ആരും പോകണ്ട എന്നാണോ പറയുന്നതെന്നും ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ഉദ്യോഗസ്ഥസംഘവും ഒക്ടോബർ ആദ്യ ആഴ്ചയാണ് യൂറോപ്പ് സന്ദർശനത്തിനൊരുങ്ങുന്നത്. രണ്ടാഴ്ചയോളം യാത്രയുണ്ടാകും. സർക്കാർ സാമ്പത്തിക പ്രതിസന്ധികൾക്കിടെ വീർപ്പുമുട്ടുമ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര അധിക ചിലവാണെന്ന് വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നാണ് കെ.എൻ.ബാലഗോപാൽ പറഞ്ഞത്. കേരളം ദരിദ്രമായ സംസ്ഥാനമല്ല, അതിനാൽ വിദേശ യാത്ര സംബന്ധിച്ചുള്ള കാര്യങ്ങളല്ല ചർച്ച ചെയ്യപ്പെടേണ്ടത്. കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള നികുതി വിഹിതമാണ് ചർച്ച ചെയ്യേണ്ടത്. ഓണത്തിന് അൽപം ചെലവ് കൂടിയെങ്കിലും ഖജനാവിന് അപകടമില്ലെന്നും മന്ത്രി അവകാശപ്പെടുന്നു.
Comments