കണ്ണൂർ: തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചതിന്റെ പേരിൽ കുടുംബക്കാർ വീട്ടിൽ നിന്നും ഇറക്കിവിട്ട യുവതിയ്‌ക്ക് പുതുതായി നിർമ്മിച്ച വീട് കൈമാറി നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. ചെറുതാഴം സ്വദേശി രഞ്ജിതയ്‌ക്കാണ് സുരേഷ് ഗോപി വീടിന്റെ താക്കോൽ കൈമാറിയത്. ഹീരാഭവൻ എന്നാണ് സുരേഷ് ഗോപി രഞ്ജിതയ്‌ക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ പേര്.
രാവിലെ പുതിയ വീട്ടിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു താക്കോൽദാനം നിർവ്വഹിച്ചത്. സുരേഷ് ഗോപിയെ ബിജെപി പ്രവർത്തകർ കാവി ഷാളും തലപ്പാവും അണിയിച്ച് സ്വീകരിച്ചു. ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിയുൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. രഞ്ജിതയുടെ മാതാപിതാക്കളോടും ഭർത്താവിനോടും ഏറെ നേരം സംസാരിച്ചിരുന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.
2020 ഡിസംബറിൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് രഞ്ജിത ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. കുടുംബ വീട്ടിലായിരുന്നു അപ്പോൾ രഞ്ജിതയും കുടുംബവും താമസിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് പിന്നാലെ രഞ്ജിതയെയും കുടുംബത്തെയും സിപിഎം പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് വീട്ടിൽ നിന്നും ഇറക്കിവിടുകയായിരുന്നു.















