ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72-ാം പിറന്നാൾ. പ്രധാന സേവകന്റെ പിറന്നാൾ ദിനത്തിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് ബിജെപി. ലോകമെമ്പാടും നിന്നുള്ളവർ മോദിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഇന്നലെ നടന്ന ഉഭയകക്ഷി യോഗത്തിൽ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നു.
ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഉസ്ബെകിസ്ഥാനിലേക്ക് പോയിരിക്കുകയാണ് നരേന്ദ്ര മോദി. എന്നാൽ അദ്ദേഹത്തിന്റെ അഭാവത്തിൽ പിറന്നാൾ അതിഗംഭീരമായി ആഘോഷിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായ ആഘോഷപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ ബിജെപി സംസ്ഥാനത്ത് വിവിധ പരിപാടികൾ നടത്തുന്നുണ്ട്. ദിവ്യാംഗർക്ക് കൃത്രിമ അവയവങ്ങളുടെ വിതരണം, യുവമോർച്ച രക്തദാന ക്യാമ്പുകൾ, ജലാശയങ്ങളുടെ ശുചീകരണം, കൊറോണ വാക്സിനേഷൻ ക്യാമ്പുകൾ, സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പുകൾ, ജലസംരക്ഷണ ക്യാമ്പയിൻ എന്നിവയാണ് പാർട്ടി പദ്ധതിയിട്ടിരിക്കുന്നത്.
ഇത് കൂടാതെ സെമിനാറുകളും, ജില്ലാ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രിയുടെ ജീവിതത്തെ പറ്റിയുള്ള പ്രദർശനങ്ങളും, കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ പ്രധാനമന്ത്രിക്ക് ആശംസകൾ അയക്കുന്ന പരിപാടികളും, കേന്ദ്രസർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രചാരണവും നടത്തും.
Comments