തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങളെ പിടിച്ചുകെട്ടാൻ കേരള സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന ചോദ്യം മുറുകുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് അടുത്ത കാലത്ത് പിടിയിലായവർക്ക് പോപ്പുലർ ഫ്രണ്ട് എസ് ഡി പി ഐ സംഘടനകളുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി പറഞ്ഞിരുന്നു.
ആർ എസ് എസ്, ബിജെപി പ്രവർത്തകരെ കൊലപ്പെടുത്താനുള്ള നീക്കങ്ങളെ മുൻനിർത്തി ദേശീയ അന്വേഷണ ഏജൻസികളും, പോലീസും സർക്കാരിന് പക്കൽ റിപ്പോർട്ട് സമർപ്പിച്ചരുന്നു. ആർ എസ് എസ് പ്രവർത്തകരുടെ വീടും , ജോലിയും , യാത്ര ചെയ്യുന്ന ഇടങ്ങൾ ഉൾപ്പെടുന്ന വിവരങ്ങൾ ശേഖരിച്ച് കൊല നടത്താനായിരുന്നു പദ്ധതി. എന്നാൽ ഗൗരവകരമായ ഈ റിപ്പോർട്ടുകളൊന്നും കേരള സർക്കാർ ഗൗനിച്ചിട്ടില്ല. കേരളത്തിലെ ഇന്റലിജൻസ് സംവിധാനമുൾപ്പെടെ നിർജ്ജീവമാകുന്ന കാഴ്ചയാണ് ഇതിലൂടെ കാണാൻ കഴിയുന്നത്.
പോപ്പുലർ ഫ്രണ്ടിന് ഭീകരവാദ പ്രവർത്തനവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന രേഖകൾ എൻ ഐ എ അവരുടെ ഓഫിസുകളിൽ നിന്നും പിടിച്ചെടുത്തിരുന്നു. രാജ്യത്ത് നിരവധി ഇടങ്ങളിൽ അക്രമം നടത്താൻ ശ്രമിച്ചിരുന്നതായും കണ്ടെത്തിയ രേഖകളിൽ പറഞ്ഞിട്ടുണ്ട്. ഹിന്ദു, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ട പ്രമുഖരെ തേടികണ്ടെത്തി വകവരുത്താനുള്ള ഗൂഢാലോചനകളും ഇവർ നടത്തിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസികൾ പറഞ്ഞിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ടിനെതിരെ കർശനമായ നടപടി എടുക്കണമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ സംസ്ഥാന സർക്കാരിന് വിവിധ സംഘടനകൾ നൽകിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം യുവാക്കളെ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് തള്ളിവിടാൻ ആഹ്വാനം ചെയ്യുന്ന ഭീകരവാദ ഗ്രൂപ്പിനെ സർക്കാർ നിരോധിക്കാത്തത് വോട്ട് ബാങ്ക് മുന്നിൽ കണ്ടിട്ടാണെന്നും ആരോപണം ഉയരുന്നുണ്ട്. രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം കേരളത്തിൽ യാതൊരു തടസമില്ലാതെ നടക്കുകയാണ്. സർക്കാരും പോലീസുമൊക്കെ ഇതിന് ഒത്താശ ചെയ്യുന്നതും അടുത്ത കാലത്ത് പുറത്തുവന്നിട്ടുളള വസ്തുതകളാണ്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് അസമും യുപിയും കർണാടകയും ഉൾപ്പെടെയുളള സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേരളം ഈ രീതിയിൽ ഒരു ചെറുവിരൽ പോലും ഇതുവരെ അനക്കിയിട്ടില്ല. അടുത്തിടെ പോപ്പുലർ ഫ്രണ്ട് ഭീകരരിൽ നിന്ന് പോലീസ് പിടിച്ചെടുത്ത വിഷൻ 2047 രേഖയിൽ പ്രധാനമന്ത്രി അടക്കമുളളവരെ വധിക്കാൻ ഇവർ തയ്യാറാക്കിയ പദ്ധതിതകൾ വ്യക്തമാണ്. തിരുവനന്തപുരത്ത് നിന്നടക്കം ഭീകരബന്ധമുളളവരെ അടുത്തിടെ കസ്റ്റഡിയിലെടുത്തതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും സംസ്ഥാന സർക്കാർ നിസംഗതാ മനോഭാവത്തോടെ പോപ്പുലർ ഫ്രണ്ടിനെ വളർത്താൻ ഒത്താശ ചെയ്യുന്നതിൽ പ്രതിഷേധവും ശക്തമാണ്.
Comments