സിബി മലയിൽ സംവിധാനം ചെയ്ത് ആസിഫ് അലി നായകനാകുന്ന കൊത്ത് എന്ന സിനിമ രാഷ്ട്രീയ കേരളത്തിൽ ചർച്ചയാവുകയാണ്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലവും പാർട്ടിക്ക് വേണ്ടി താഴെത്തട്ടിൽ പ്രവർത്തിക്കുന്ന സാധാരണക്കാരുടെ മനസ്സിൽ കൊത്തിവെക്കപ്പെട്ട ആശയങ്ങളുമെല്ലാമാണ് സിനിമയുടെ പ്രമേയം. യുവ നടി നിഖില വിമൽ, റോഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയെപ്പറ്റി നടി നിഖില വിമൽ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കൃത്യമായ രാഷ്ട്രീയമുള്ള സിനിമയാണെന്നും ഇത് സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും താരം പറയുന്നു. കണ്ണൂരിലെ രാഷ്ട്രീയത്തെപ്പറ്റിയാണ് സിനിമയിൽ പറയുന്നത്. താൻ കണ്ണൂർക്കാരിയാണ്. അതുകൊണ്ട് തന്നെ കേട്ടും കണ്ടും അറിയാവുന്ന രാഷ്ട്രീയമാണത്. കണ്ണൂരിലെ രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവരണമെന്നാണ് സിനിമയിൽ പറയുന്നത്. രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവരേണ്ട മൂവ്മെന്റിന്റെ ഭാഗമായിട്ടുളള സിനിമയാണിതെന്നും നിഖില വിമൽ പറയുന്നു.
പൊതുവായി സമൂഹത്തിൽ നടക്കുന്ന യഥാർത്ഥ സംഭവങ്ങളെക്കുറിച്ചാണ് കൊത്ത് എന്ന സിനിമയിൽ പരാമർശിക്കുന്നത്. ഇടതുപക്ഷ സഹയാത്രികരായ ഷാനു, സുമേഷ് എന്നിവരുടെ സൗഹൃദമാണ് ചിത്രത്തിന്റെ കേന്ദ്രം. പാർട്ടി വളർത്തിയ പാർട്ടിക്ക് വേണ്ടി എന്തും ചെയ്യുന്ന ചെറുപ്പക്കാരുടെ ചോരത്തിളപ്പിനെക്കുറിച്ചും സിനിമയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു ജീവൻ നഷ്ടപ്പെട്ടാൽ മറ്റൊരു ജീവനെടുക്കുകയല്ല രാഷ്ട്രീയ പ്രവർത്തനം എന്നും ചിത്രത്തിൽ പറയുന്നു.
Comments