തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ റോഡ് പരിശോധന. പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിംഗ് കോൺട്രാക്ട് പ്രകാരമുള്ള റോഡുകളുടെ പരിശോധനയാണ് നടക്കുക. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് പരിശോധന നടത്തും.
മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ദ്രുതഗതിയിൽ പരിശോധന ആരംഭിച്ചിരിക്കുന്നത്. നാല് ഐഎഎസ് ഉദ്യോഗസ്ഥർ, എട്ട് ചീഫ് എൻജിനീയർമാർ, സൂപ്രണ്ടിങ് എൻജിനീയർമാർ, എക്സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവർ അടങ്ങുന്ന സംഘം പരിശോധനക്ക് നേതൃത്വം നൽകും. പൊതുമരാമത്ത് മന്ത്രി ഇതിനെ നേരിട്ട് നിയന്ത്രിക്കും.
സംസ്ഥാനത്തുടനീളം ഒന്നും രണ്ടും റണ്ണിംഗ് കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ പുരോഗമനം വിലയിരുത്തും. റോഡിലെ കുഴികളിൽ വീണ് അപകടങ്ങൾ വർദ്ധിക്കുകയും പൊതുമരാമത്ത് വകുപ്പിനെതിരെ വിമർശനങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Comments