ഭോപ്പാൽ : ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച എട്ട് ചീറ്റകൾക്ക് സുരക്ഷ നൽകാൻ ഗജവീരന്മാർ. ലക്ഷ്മി, സിദ്ധരാമയ്യ എന്നീ ആനകളെയാണ് ചീറ്റപ്പുലികൾക്ക് കാവൽക്കാരായി കുനോ നാഷണൽ പാർക്കിൽ നിയോഗിച്ചിരിക്കുന്നത്. ഇനി കുറച്ച് ദിവസത്തേക്ക് ചീറ്റപ്പുലികൾ ഈ ആനകളുടെ നിരീക്ഷണത്തിലായിരിക്കും.
ചീറ്റകളുടെ അതിജീവനത്തിനും മറ്റ് മൃഗങ്ങൾ ഇവയെ ആക്രമിക്കാതിരിക്കാനും വേണ്ടിയാണ് ആനകളെ കാവൽ നിർത്തിയിരിക്കുന്നത്. ക്വാറന്റൈനിലുള്ള ചീറ്റപ്പുലികൾ പുതിയ ആവാസവ്യവസ്ഥയുമായി ഇണങ്ങിച്ചേരുന്നത് വരെ ഇത് തുടരും.
നർമദപുരത്തെ സത്പുര ടൈഗർ റിസർവിൽ നിന്നാണ് ആനകളെ എത്തിച്ചത്. കുനോ പാർക്കിൽ ചീറ്റപ്പുലികൾക്കായി ഉണ്ടാക്കിയ പ്രത്യേക സ്ഥലത്ത് നിന്ന് അഞ്ച് പുലികളെ തുരത്താൻ ഈ ആനകളെ എത്തിച്ചിരുന്നു.
രണ്ട് ആനകളും സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം രാവും പകലും പാർക്കിലൂടെ പട്രോളിംഗ് നടത്തിവരികയാണ്. ചീറ്റകളെ പ്രത്യേകം നിരീക്ഷിക്കുന്നുമുണ്ട്.
കടുവകളുടെ രക്ഷാപ്രവർത്തനത്തിന് സംസ്ഥാനത്ത് അംഗീകാരം നേടിയിട്ടുള്ള ആനയാണ് സിദ്ധനാഥ്. 30 വയസ്സുണ്ട്. എന്നാൽ സിദ്ധനാഥിന് ദേഷ്യം പ്രശ്‌നമാണെന്നും 2010 ൽ രണ്ട് പാപ്പന്മാരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും കുനോ നാഷണൽ പാർക്ക് ഡിഎഫ്ഒ പ്രകാശ് കുമാർ പറഞ്ഞു.
25 വയസുള്ള ലക്ഷ്മി എന്ന ആന വളരെ ശാന്ത സ്വഭാവമുള്ളതാണ്. എന്നാൽ സ്വന്തം ജോലിയിൽ അതിവിദഗ്‌ദ്ധയാണ്. ജംഗിൾ സഫാരി, രക്ഷാപ്രവർത്തനം, ജംഗിൾ പട്രോളിംഗ് എന്നിവയിലും ലക്ഷ്മി വൈദഗ്‌ദ്ധ്യം നേടിയിട്ടുണ്ട്.
Comments