ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്ന് രാജ്യത്തെ അതി സമ്പന്നനായി ഗൗതം അദാനി. ഫിനാൻഷ്യൽ സർവ്വീസ് കമ്പനിയായ ഇന്ത്യ ഇൻഫോലൈൻ (ഐഐഎഫ്എൽ) പുറത്തുവിട്ട രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിലാണ് ഗൗതം അദാനിയ്‌ക്ക് ഒന്നാം സ്ഥാനമുള്ളത്. ദിവസേന 1612 കോടി രൂപയുടെ വരുമാനമുള്ള അദാനിയ്‌ക്ക് നിലവിൽ 10,94,400 കോടി രൂപയുടെ ആസ്തിയാണുള്ളതെന്ന് കമ്പനി പുറത്തുവിട്ട വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരു വർഷക്കാലത്തെ കണക്കുകളാണ് ഐഐഎഫ്എൽ പുറത്തുവിട്ടിരിക്കുന്നത്. 7,94,700 കോടിയുടെ ആസ്തിയാണ് മുകേഷ് അംബാനിയ്‌ക്കുള്ളത്. മുകേഷ് അംബാനിയെക്കാൾ മൂന്ന് ലക്ഷം കോടി രൂപയുടെ അധിക സമ്പത്ത് അദാനിയ്‌ക്കുണ്ട്. ഇതാണ് രാജ്യത്തെ കോടിശ്വരന്മാരുടെ പട്ടികയിൽ അദാനിയ്‌ക്ക് ഇടം നേടിക്കൊടുത്തത്.
കഴിഞ്ഞ പത്ത് വർഷമായി പട്ടികയിൽ തുടർച്ചയായി ഒന്നാം സ്ഥാനത്ത് ആയിരുന്നു അംബാനിയുടെ സ്ഥാനം. ഇതാണ് ഇപ്പോൾ അദാനി മറികടന്നിരിക്കുന്നത്. രണ്ടാം സ്ഥാനം പിന്തള്ളപ്പെട്ടെങ്കിലും അംബാനിയുടെ വരുമാനം ഉയർന്നിട്ടുണ്ട്. 11 ശതമാനത്തിന്റെ വളർച്ചയാണ് വരുമാനത്തിലും സമ്പത്തിലും ഉണ്ടായിരിക്കുന്നത് എന്നാണ് പട്ടികയിൽ വ്യക്തമാക്കുന്നത്.
പത്ത് വർഷങ്ങൾക്ക് മുൻപ് 2012 ൽ അംബാനിയുടെ സമ്പത്തിന്റെ ആറിൽ ഒരു ശതമാനം മാത്രമായിരുന്നു അദാനിയുടെ ആസ്ഥി. എന്നാൽ പത്ത് വർഷം കൊണ്ട് വലിയ നേട്ടമാണ് അദ്ദേഹം ഉണ്ടാക്കിയിരിക്കുന്നത്. ഊർജ്ജം, തുറമുഖം എന്നീ മേഖലകളിൽ നിന്നുള്ളവരുമാനമാണ് അദാനിയെ തുണച്ചത്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടർ സൈറസ് എസ് പൂനാവാലയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 41700 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ ദിലീപ് ഷാംഗ്‌വി, ഉദയ് കോട്ടക് എന്നിവരും പട്ടികയിൽ തുടർന്നുള്ള സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.
Comments