ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരെ മ്യാൻമറിലേക്ക് തട്ടിക്കൊണ്ടുപേയ സംഭവത്തിൽ അടിയന്തര നടപടികളുമായി കേന്ദ്ര സർക്കാർ. 30 മലയാളികൾ ഉൾപ്പെടെ 300 ഇന്ത്യക്കാരെയാണ് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. തടങ്കലിൽ കഴിയുന്നവരെ എത്രയും വേഗം രക്ഷിക്കാൻ ഇന്ത്യൻ എംബസി അധികൃതർക്ക് നിർദേശം നൽകിയതായി ജിബൂത്തി സന്ദർശന വേളയിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു.
ദുബായിലേക്ക് വിസ തരപ്പെടുത്താമെന്ന വാഗ്ദാനത്തിലാണ് ഏജന്റുമാർ പലരെയും സമീപ്പിച്ചത്. തായ്ലൻഡിലേക്ക് ഡേറ്റാ എൻട്രി ജോലിയ്ക്ക് പോയ വനിതകൾ ഉൾപ്പെടെയുള്ള സംഘത്തെയാണ് മ്യാൻമറിലെ സായുധ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് മികച്ച ശമ്പളവും സൗജന്യ താമസവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമായി മ്യാൻമറിലേക്ക് വിസ നൽകാമെന്നും വാഗ്ദാനം നൽകിയിരുന്നു.
ഇവരെ കൈയ്യും കാലും കെട്ടി പ്രത്യേക വാഹനത്തിൽ എത്തിച്ചെന്ന് സംഘത്തിലെ കൊല്ലം സ്വദേശി ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. തടങ്കലിൽ പാർപ്പിച്ച വിവരം പുറം ലോകത്തെ അറിയിക്കുമെന്ന് സംശയിച്ചവരുടെ ഫോണുകൾ പിടിച്ചുവെച്ചിരിക്കുകയാണെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. 5 ലക്ഷം നൽകിയില്ലങ്കിൽ ഇന്ത്യക്കാരെ വിടില്ലെന്നും സംഘം അറിയിച്ചിട്ടുണ്ട്.
Comments