തിരുവനന്തപുരം : എകെജി സെന്റർ ആക്രമണക്കേസിൽ തെളിവ് കിട്ടിയെന്ന് ക്രൈംബ്രാഞ്ച്. കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റിലായ ജിതിനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. സുഹൈൽ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകാനാണ് തീരുമാനം . കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും കൂടുതൽ തെളിവുകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി.
സംഭവ സമയം ജിതിൻ ധരിച്ചിരുന്ന ഷൂസാണ് ഉദ്യോഗസ്ഥർക്ക് തെളിവായി ലഭിച്ചിരിക്കുന്നത്. മുൻപും സുഹൈൽ ഷാജഹാന് പോലീസ് നോട്ടീസ് നൽകിയിരുന്നു. മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു നോട്ടീസ് നൽകിയത്. രണ്ടു പ്രാവശ്യം നോട്ടീസ് നൽകിയെങ്കിലും സുഹൈൽ ഷാജഹാൻ ഹാജരായിരുന്നില്ല.
എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക വനിതാ നേതാവാണ് വാഹനം എത്തിച്ചതെന്നാണ് നിഗമനം. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാകും തുടർ നടപടികളെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.
കേസിൽ അറസ്റ്റിലായ ജിതിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിലാണ് എടുത്തിരിക്കുന്നത് . ആക്രമണം നടത്തുമ്പോൾ ജിതിൻ ഉപയോഗിച്ച ഡിയോ സ്‌കൂട്ടർ, ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തിരുന്നു. കസ്റ്റഡി കാലയളവിൽ പരമാവധി തെളിവ് ശേഖരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.
Comments