2022 ഓഗസ്റ്റിൽ യമഹ മോട്ടോർ അവരുടെ പുതിയ മോട്ടോ ജിപി പതിപ്പ് ഇന്ത്യൻ വിപണിയിൽ ഇറക്കിയിരുന്നു. ഇപ്പോൾ, എയ്റോക്സ് 155-ന്റെ മോട്ടോ ജിപി പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് യമഹയ. 1.41 ലക്ഷം രൂപയാണ് സ്കൂട്ടറിന്റെ എക്സ്ഷോറൂം വില. എയറോക്സ് 155-ന്റെ സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ 2000 രൂപ കൂടുതലാണ് മോട്ടോ ജിപി പതിപ്പിന്. യമഹയുടെ മോൺസ്റ്റർ എനർജി മോട്ടോ ജിപി എം1 മോട്ടോർസൈക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മോട്ടോ ജിപി പതിപ്പ് നിർമ്മിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ കൂടുതൽ ഭംഗിയോടെയാണ് എയ്റോക്സ് 155 മോട്ടോ ജിപി പതിപ്പ് യമഹ വിപണിയിലെത്തിച്ചിരിക്കുന്നത്.
നീലയും പച്ചയും എടുത്തു നിൽക്കുന്ന ഓൾ-ബ്ലാക്ക് തീമിലാണ് സ്കൂട്ടർ പുറത്തിറങ്ങിയിരിക്കുന്നത്. മുൻവശത്തെ മഡ്ഗാർഡ്, സൈഡ് പാനലുകൾ, പിൻ പാനലുകൾ, വിസർ, ഫ്രണ്ട് എപ്രൺ എന്നിവയിൽ മോൺസ്റ്റർ എനർജി സ്റ്റിക്കറുകൾ പതിപ്പിച്ചിരിക്കുന്നു. മറ്റെല്ലാം സ്റ്റാൻഡേർഡ് പതിപ്പിന് സമാനമായി തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. ഇപ്പോൾ എയറോക്സ് 155 നാല് നിറങ്ങളിൽ ലഭ്യമാണ്. മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ, ഗ്രേ വെർമില്യൺ, മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ എന്നിങ്ങനെ നാല് പതിപ്പിൽ എയ്റോക്സ് 155 ലഭ്യമാകും.
155 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് എയറോക്സ് 155-ന്. പരമാവധി 14.79 ബിഎച്ച്പി കരുത്തും 13.9 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ട്യൂബ് ലെസ് ടയറുകളുള്ള 14 ഇഞ്ച് അലോയ് വീലുകളാണ് എയറോക്സ് 155-ന് നൽകിയിരിക്കുന്നത്. മുൻ ബ്രേക്കിൽ സിംഗിൾ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനവും കമ്പനി നൽകിയിട്ടുണ്ട്.
Comments